29 March Friday
മൂന്നിടത്ത്‌ മടവീണു

കർഷക മനസിൽ 
സങ്കടക്കടൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ശ്രീമൂലമംഗലം കായലിലെ മടവീഴ്ച

മങ്കൊമ്പ്  
കർഷകരുടെ നെഞ്ചിൽ തീകോരിയിട്ട്‌ കനത്തമഴയിൽ ജില്ലയിൽ മൂന്ന്‌ പടശേഖരങ്ങളിൽ മടവീണു. വിളവെടുപ്പിന് പാകമായ മൂലപ്പള്ളിക്കാട് പാടശേഖരം, ശ്രീമൂലമംഗലം കായൽ, ചെറുതന തേവേരി -തണ്ടപ്ര പടശേഖരം എന്നിവിടങ്ങളിലാണ്‌ മടവീണത്‌. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായി കർഷകർ അറിയിച്ചു. 
ബുധനാഴ്‍ച വൈകിട്ടാണ് രണ്ടാംകൃഷിയുടെ വിളവെടുപ്പിന് പാകമായ 160 ഏക്കർ  മൂലപ്പള്ളിക്കാട് പാടശേഖരത്തിൽ മടവീണത്. മൂലപ്പള്ളിക്കാട് പാടശേഖരം മട വീണതോടെ ഏഴുകാട്, മൂല പൊങ്ങമ്പ്ര, നാലുതോട് എന്നീ അനുബന്ധ പാടങ്ങളും മടവീഴ്‌ച ഭീഷണിയിലായി. മൂല പൊങ്ങമ്പ്ര മടവീണാൽ എ സി റോഡിൽ മങ്കൊമ്പുമുതൽ ഒന്നാംകരവരെ പൂർണമായും വെള്ളത്തിൽ മുങ്ങും. 
പുഞ്ചകൃഷിക്ക് നിലമൊരുക്കിയശേഷം പുറംതൂമ്പുകൾ തുറന്ന് വെള്ളം കയറ്റുന്നതിനിടെയാണ്‌ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ ശ്രീമൂലമംഗലം കായലിൽ മടവീണത്‌. 590 ഏക്കറിൽ 284 കർഷകരുണ്ട്‌. 
വട്ടക്കായലിൽനിന്ന്‌ ശക്തമായി വെള്ളം ഒഴുകി തെക്കേപുറം ബണ്ടിൽ 20 മീറ്റർ നീളത്തിലാണ്‌ മടവീണത്‌. 15 അടിയിലേറെ ആഴമുള്ള വട്ടക്കായലിൽ ഫയൽ ആൻഡ്‌ സ്ലാബ് ഉപയോഗിച്ച് നിർമിച്ച ബണ്ടിന്റെ  സ്ലാബിനടിയിലൂടെയാണ്‌ വെള്ളംകയറിയത്. 
കൊയ്ത്തിനു പാകമായ ചെറുതന തേവേരി -തണ്ടപ്ര പടശേഖരത്തിന്റെ വടക്ക് കിഴക്ക് പാണ്ടി ജെട്ടിക്ക് തെക്കുഭാഗത്താണ് 15 മീറ്റർ മടവീണത്‌. ബുധനാഴ്‌ച പുലർച്ചെ മൂന്നിനാണ്‌ സംഭവം. പാടശേഖര സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന്‌ താൽക്കാലിക ബണ്ടുകെട്ടി മണൽചാക്ക് നിരത്തി. 
കർഷക സംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താന്റെ നേതൃത്വത്തിൽ പ്രവർത്തകരും മടകുത്താനെത്തി. കഴിഞ്ഞ 15ന്‌ കൊയ്‌ത്ത്‌ തീരുമാനിച്ചിരുന്നു. മഴവെള്ളം നിറഞ്ഞതിനാൽ മെഷീൻ ഇറക്കാനായില്ല. വെള്ളം പമ്പ് ചെയ്‌ത്‌ കൊയ്‌ത്തിനൊരുങ്ങുമ്പോഴാണ്‌ വീണത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top