ആലപ്പുഴ
നെൽവില നൽകാനുള്ള സർക്കാർ നടപടികളെ തുരങ്കംവയ്ക്കുകയും കർഷകരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സപ്ലൈകോ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയും പണം ലഭിക്കാനുള്ള കർഷകർക്ക് അവർ ആവശ്യപ്പെടുന്ന ബാങ്കുവഴി നൽകണമെന്നും കർഷക സംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ ആദ്യം പിആർഎസ് എഴുതിയ കർഷകർക്കുപോലും ഇതുവരെയും പണം ലഭിച്ചിട്ടില്ല. കൃത്യമായി നെൽവില നൽകിവന്ന കേരളാ ബാങ്കിനെ ഒഴിവാക്കി ഇവിടത്തെ അക്കൗണ്ട് എസ്‌ബിഐ, കാനറ, ഫെഡറൽ ബാങ്കുകളിലേക്ക് മാറ്റി.
കേരളാ ബാങ്കിൽനിന്ന് പണം ലഭിക്കാതെ വന്നപ്പോൾ കൺസോഷ്യത്തിൽ കർഷകന് അക്കൗണ്ടുള്ള ബാങ്കിലേക്ക് പണം നൽകാൻ നടപടി സ്വീകരിക്കാൻ ജൂൺ മുതൽ അപേക്ഷ നൽകിയവർക്ക് പോലും സംസ്ഥാന സർക്കാർ വിഹിതം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. കർഷകരിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാൻ ആരുടെയെങ്കിലും കൈയിൽനിന്ന് അച്ചാരം വാങ്ങി ഒരുവിഭാഗം സപ്ലൈകോ ഉദ്യോഗസ്ഥർ ചെയ്യുന്ന പണിയാണോ ഇതെന്ന് പരിശോധിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.
ഇനിയും നെൽവില ലഭിക്കാനുള്ള കർഷകർക്ക് അവർ ആവശ്യപ്പെടുന്ന ബാങ്കുവഴി പണം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും കേരള കർഷക സംഘംജില്ലാ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..