ചാരുംമൂട്
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയെ ബലാത്സംഗം ചെയ്യുകയും പണംതട്ടുകയും ആക്രമിക്കുകയുംചെയ്ത കേസിലെ ഒന്നാംപ്രതി പാലമേൽ പഞ്ചായത്തിലെ ബിജെപി അംഗം ഉളവുക്കാട് പുന്നക്കാകുളങ്ങര വീട്ടിൽ അനിൽകുമാറിന്റെ (40) ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കാവുമ്പാട് വാർഡിലെ ബിജെപി അംഗമാണ് അനിൽകുമാർ. യുവതിയുടെ പരാതിയിൽ നൂറനാട് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ചതി, വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധഭീഷണി വകുപ്പുകളാണ് ചുമത്തിയത്.
കുടുംബപ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിക്കാം എന്നുപറഞ്ഞ് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ അനിൽകുമാർ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചുവെന്നാണ് എഫ്‌ഐആർ. 2019 ജൂൺ 15ന് പരാതിക്കാരിയുടെ അമ്മയും മകനും വീട്ടിലില്ലാതിരുന്നപ്പോൾ രാത്രി എട്ടിന് വീട്ടിലെത്തിയ പ്രതി എതിർപ്പ് അവഗണിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2023 ജനുവരിവരെ നിരന്തരം ചൂഷണംചയ്‌തു. 2022 ജനുവരി 29ന് പ്രതി മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. ഗൂഗിൾപേ വഴിയും സ്വർണം പണയംവച്ചും പലതവണയായി 4,46,700 രൂപ വാങ്ങി. പണം നൽകാതിരുന്നപ്പോൾ മർദിച്ചു. കാൽപാദത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. രണ്ടാം പ്രതി നൂറനാട് ചൂരത്തലക്കൽ അനിൽ (48) അസഭ്യം പറയുകയും നാഭിക്ക് തൊഴിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു.
പരിക്കേറ്റ് പന്തളത്തെ ആശുപത്രിയിലേക്ക് സ്‌കൂട്ടറിൽ പോയ പരാതിക്കാരിയെ ഉളവുക്കാട് വച്ച് ഒന്നാം പ്രതി തടഞ്ഞുനിർത്തി ഹെൽമെറ്റിന് മുഖത്തടിച്ചു. സ്‌കൂട്ടറിൽനിന്ന് ചവിട്ടി മറിച്ചിട്ടെന്നും എഫ്‌ഐആറിലുണ്ട്. രണ്ടാം പ്രതി അനിലിനെ തിരുവനന്തപുരത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..