26 April Friday
സംസ്ഥാനതല ഉദ്‌ഘാടനം ആലപ്പുഴയിൽ

പാഠപുസ്‌തകം, യൂണിഫോം വിതരണം 25ന്‌

ടി ഹരിUpdated: Tuesday Mar 21, 2023

ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ജില്ലാ ടെക്‌സ്‌റ്റ്‌ ബുക്ക് ഹബിൽ എത്തിച്ച പാഠപുസ്‌തകങ്ങൾ

ആലപ്പുഴ 
ഒന്നുമുതൽ 10 വരെയുള്ള വിദ്യാർഥികളുടെ പാഠപുസ്‌തക വിതരണം ഇക്കുറി ഈ അധ്യയനവർഷം പൂർത്തിയാകും മുമ്പുതന്നെ ആരംഭിക്കും. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 9, 10 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച മുഴുവൻ വിദ്യാർഥികൾക്കുമുള്ള പുസ്‌തകങ്ങൾ ഡിപ്പോകളിലെത്തി. ഒന്നുമുതൽ 10 വരെ അടുത്ത അധ്യയനവർഷത്തേക്ക് ആകെ 13, 75, 432 പുസ്‌തകങ്ങളാണ് വേണ്ടത്. ഇതിൽ 5,57,339 പുസ്‌തകങ്ങൾ അതത് ഡിപ്പോകളിൽ എത്തിയിട്ടുണ്ട്. പുസ്‌തക വിതരണത്തിനുള്ള സോർട്ടിങ് തിങ്കളാഴ്ച ആരംഭിക്കും. ജില്ലയിലെത്തിയ പുസ്‌തകങ്ങൾ ക്രോഡീകരിച്ച് 260 സൊസൈറ്റികളിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. 
സംസ്ഥാനതല പാഠപുസ്‌തക, യൂണിഫോം വിതരണ ഉദ്ഘാടനം 25ന്പകൽ മൂന്നിന്‌ ലജ്‌നത്തുൽ സ്‌കൂളിൽ നടക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, പി പ്രസാദ് എന്നിവർ പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപീകരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഭാരവാഹികൾ: എച്ച് സലാം എംഎൽഎ (ചെയർമാൻ),  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി സുജാത (കൺവീനർ).

42000 കുട്ടികൾ

ഇക്കുറിയും 2 ജോഡി 
സൗജന്യ യൂണിഫോം

ആലപ്പുഴ
ജില്ലയിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോമിനുള്ള പണം എത്തി. ജില്ലാ വിദ്യഭ്യാസ ഓഫീസ്‌, സമഗ്രശിക്ഷ കേരള നേതൃത്വത്തിലാണ്‌ രണ്ടുജോഡി യൂണിഫോമിനുള്ള പണം നൽകുന്നത്‌. അധ്യയനവർഷം അവസാനിക്കുംമുമ്പ്‌ പുസ്‌തകങ്ങൾക്ക്‌ പിന്നാലെ ഒരുവിദ്യാർഥിക്ക്‌ തയ്യൽക്കൂലി അടക്കം രണ്ടുജോഡി യൂണിഫോമിന്‌ 600 രൂപയാണ്‌ നൽകുന്നത്‌. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ എസ്‌എസ്‌കെ ആണ്‌ യൂണിഫോമിനുള്ള പണം ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌ മുഖേന സ്‌കളുകളിൽ എത്തിക്കുന്നത്‌. എയ്‌ഡഡ്‌ മേഖലയിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ 6,971 കുട്ടികൾക്ക്‌ 600 രൂപവീതം 41, 82, 600 രൂപയാണ്‌ എത്തിയിട്ടുള്ളത്‌. ഗവ. സ്‌കൂളുകളിലെ എപിഎൽ വിഭാഗത്തിൽപ്പെട്ട 356 ആൺകുട്ടികൾക്ക്‌ യൂണിഫോമിനുള്ള 2,13, 600 രൂപയും ജില്ലാ വിദ്യഭ്യാസ ഓഫീസിൽ ലഭിച്ചിട്ടുണ്ട്‌. ഒന്നുമുതൽ എട്ടുവരെയുള്ള ഏകദേശം 42, 000 അടുത്ത്‌ കുട്ടികൾക്ക്‌ രണ്ടുജോഡി യൂണിഫോമിനുള്ള 2.5 കോടി രൂപ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്‌. എസ്‌എസ്‌കെ മുഖേനയാണ്‌ പണം എത്തിച്ചത്‌. കുട്ടികൾക്ക്‌ നേരിട്ടും അക്കൗണ്ട്‌ മുഖേനയുമാണ്‌ പണം നൽകുക. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top