16 July Wednesday

ബിജെപിയുടെ റെയിൽവെ സ്‌റ്റേഷൻ സന്ദർശനം തട്ടിപ്പ്‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ആലപ്പുഴ 
ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ബിജെപി നേതാവ്‌ പി കെ കൃഷ്‌ണദാസും പരിവാരങ്ങളും നടത്തിയ സന്ദർശനം രാഷ്‌ട്രീയ തട്ടിപ്പാണെന്ന്‌ സിപിഐ എം ജില്ലാകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. 
ലോക്‌സഭ അംഗങ്ങളെയോ മറ്റ്‌ ജനപ്രതിനിധികളെയോ മന്ത്രിമാരെയോ കൂട്ടാതെയുള്ള റെയിൽവേ പാസഞ്ചർ അമിനിറ്റീസ്‌ കമ്മിറ്റി അധ്യക്ഷനായ പി കെ കൃഷ്‌ണദാസിന്റെ സന്ദർശനം, തന്നെ ഒഴിവാക്കി നിർത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ള മറുപടിയാണ്‌. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നിരിക്കെയാണ്‌ പി കെ കൃഷ്‌ണദാസിന്റെ റെയിൽവേ സ്റ്റേഷൻ സന്ദർശനം. 
യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ ചെയർമാൻ  മാത്രമായ കൃഷ്‌ണദാസിന്‌ മറ്റ്‌ ഒരുഅധികാരവുമില്ല. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ 300 കോടിയുടെ വികസനമെന്ന കൃഷ്‌ണദാസിന്റെ  പ്രസ്താവന രാഷ്ട്രീയ തട്ടിപ്പാണ്‌. 2019ൽ റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ ഏജൻസിക്ക് വിട്ടുനൽകി നവീകരിക്കുന്നതിൽ ചെങ്ങന്നൂരും ഉൾപ്പെടുത്തിയിരുന്നു. 
ഈ പ്രഖ്യാപനമാണ് പുതിയ കുപ്പിയിലാക്കി കൃഷ്ണദാസ് അവതരിപ്പിക്കുന്നത്. ജില്ലയിലെ ഭൂരിപക്ഷം സ്‌റ്റേഷനുകളിലുമെത്തി ഇത്തരം വാഗ്‌ദാനങ്ങൾ നൽകിയാണ്‌ പി കെ കൃഷ്‌ണദാസും പരിവാരങ്ങളും മടങ്ങിയത്‌. ജനപ്രതിനിധികളെയോ മന്ത്രിമാരെയോ അറിയിക്കാതെ ഒരുപറ്റം ബിജെപി നേതാക്കളെ കൂട്ടിയായിരുന്നു സന്ദർശനം എന്നതുമാത്രം മതി സന്ദർശനത്തിന്റെ തട്ടിപ്പ്‌ മനസിലാക്കാനെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top