18 April Thursday

കൂടുതല്‍ പേര്‍ 
ക്യാമ്പുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കിടങ്ങറ കെ സി പാലത്തിന് സമീപത്തുനിന്ന് ജലഗതാഗതവകുപ്പിന്റെ പ്രത്യേകസർവീസിൽ മകളുടെ 28 ദിവസം പ്രായമായ 
കുഞ്ഞിനെയും മാറോടുചേർത്ത് ചങ്ങനാശേരിയിലെ കാമ്പിലേക്ക് തിരിക്കുന്ന സ‍്ത്രീ ഫോട്ടോ ഷിബിൻ ചെറുകര

ആലപ്പുഴ

ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി ഊര്‍ജ്ജിതമാക്കി. ചൊവ്വ വൈകിട്ട് ഏഴുവരെ 100 ക്യാമ്പുകള്‍ ജില്ലയിൽ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പിലുള്ളത്.

ജില്ലയുടെ ചുമതലയുള്ള  മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, കലക്‌ടര്‍ എ അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്‌തുക്കളും ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പ്‌. 

  അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റുന്നതിന് ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കി. 

ജലഗതാഗത വകുപ്പിന്റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും. 

കിടപ്പുരോഗികൾക്കായി മൂന്ന് ആംബുലന്‍സ്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നല്‍കി. 

 

ഏകോപനത്തിന് പ്രത്യേക സംവിധാനം

ആലപ്പുഴ

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം. 

ജില്ലാ വികസന കമീഷണര്‍ എസ് അഞ്ജുവാണ് നോഡല്‍ ഓഫീസര്‍. സഹായത്തിന് ജില്ലാ പ്ലാനിങ് ഓഫീസറെയും ജീവനക്കാരെയും നിയോഗിച്ചു.

സ്‌പില്‍വേയിലെ 
തടസം നീക്കുന്നു

ആലപ്പുഴ

തോട്ടപ്പള്ളി സ്‌പില്‍വേയില്‍ മാലിന്യവും പായലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ രാപ്പകല്‍ ജാഗ്രത. 

ഷട്ടറുകളില്‍ തടഞ്ഞുനിന്നിരുന്ന മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് മറുഭാഗത്തേക്ക് തള്ളുന്നുണ്ട്‌. കലക്‌ടറുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി. സ്‌പില്‍വേ ഷട്ടറുകളുടെ കേടുപാട്‌ പരിഹരിച്ചു. മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തി പ്രവര്‍ത്തനം വിലയിരുത്തി. മാലിന്യനീക്കം തുടരാൻ ചൊവ്വാഴ്‌ച രാത്രി സ്‌പില്‍വേ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

പെരുമാങ്കര, പാണ്ടി, മുടിക്കുഴി പാലങ്ങളുടെ ചുവട്ടില്‍ അടിഞ്ഞ മാലിന്യം നീക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top