കായംകുളം
കൃഷ്ണപുരം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തതിലെ ക്രമക്കേടിന് ഉത്തരവാദിയായ 14–-ാം വാർഡ് അംഗം ശ്രീലത ശശി അംഗത്വം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ഐ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്ദീപ് ചന്ദ്രൻ അധ്യക്ഷനായി. സി പി ഐ എം കൃഷ്ണപുരം ലോക്കൽ ആക്ടിങ് സെക്രട്ടറി എച്ച് ഹക്കിം, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഷിബു ദാസ്, പി പ്രണേഷ് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിൽ 2005 കാലയളവിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജീവനോപാധികൾ നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ മെഷീൻ വാങ്ങി വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്കിൽനിന്ന് എടുത്ത ലോണുകൾ കുടുംബശ്രീക്ക് വിതരണം ചെയ്തതിലും തിരിച്ചടയ്ക്കുന്നതിലും ക്രമക്കേട് വ്യക്‌തമായി. തുടർന്ന് സിഡിഎസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തു. ഇതിനാൽ അക്കൗണ്ടിലുള്ള 15 ലക്ഷം രൂപ കുടുംബശ്രീ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയാതെയായി.
അന്നത്തെ കുടുംബശ്രീ ചെയർപേഴ്സനും ചുമതലയുള്ള ഉദ്യോഗസ്ഥനും ഇതിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ തുക തിരികെ അടയ്ക്കാതിരിക്കാൻ ഇവർ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അക്കാലയളവിലെ സി ഡി എസ് ചെയർപേഴ്സണും ഇപ്പോഴത്തെ പതിനാലാം വാർഡ് അംഗവുമായ ശ്രീലത ശശി ഉൾപ്പടെയുള്ളവർ തുക തിരിച്ചടക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..