24 April Wednesday

ദേശീയപ്രസ്ഥാനത്തിന്‌ ദിശാബോധം നൽകിയത്‌ 
കമ്യൂണിസ്‌റ്റുകാർ: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കണ്ണർകാട് സ്മൃതിമണ്ഡപത്തിൽ നടന്ന പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ദേശീയപ്രസ്ഥാനത്തിന്‌ ശരിയായ ദിശാബോധം നൽകി കോൺഗ്രസ്‌ അഖിലേന്ത്യ സമ്മേളനത്തിൽ പൂർണസ്വരാജ്‌ എന്ന പ്രമേയം കൊണ്ടുവന്നത്‌ കമ്യൂണിസ്‌റ്റ്‌‌ നേതാക്കളാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ പറഞ്ഞു. കൃഷിക്കാരന്‌ ഭൂമി, വിശക്കുന്നവന്‌ ഭക്ഷണം എന്നീ പ്രമേയങ്ങൾ കൊണ്ടുവന്നതും കമ്യൂണിസ്‌റ്റുകാരാണ്‌. 
ആലപ്പുഴ വലിയ ചുടുകാട്ടിലും കണ്ണർകാടും നടന്ന പി കൃഷ്‌ണപിള്ള അനുസ്‌മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പി കൃഷ്‌ണപിള്ള കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ നേതാവായപ്പോഴാണ്‌ കേരളത്തിൽ സ്വാതന്ത്ര്യപോരാട്ടം ശക്തിപ്രാപിച്ചത്‌. നാടിന്റെ സ്വാതന്ത്ര്യത്തിനൊപ്പം നിവർന്നുനിൽക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിനും അദ്ദേഹം നേതൃത്വം നൽകി. സ്വാതന്ത്ര്യപ്പുലരിയിലും കോൺഗ്രസ്‌ സർക്കാരിന്റെ ജയിലിൽ കിടക്കേണ്ടിവന്നതിനെക്കുറിച്ച്‌ എകെജി ആത്മകഥയിൽ വിശദമായി പറഞ്ഞിട്ടുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാരുടെ പങ്കിനെക്കുറിച്ച്‌ സംശയം പ്രകടിപ്പിക്കുന്നവർക്ക്‌ ഈ ചരിത്രമെല്ലാം വായിച്ചു മനസിലാക്കാവുന്നതാണ്‌. 
വർഗീയ ഫാസിസ്‌റ്റുകളും കോർപ്പറേറ്റുകളും ചേർന്നുള്ള കേന്ദ്രഭരണം ജനജീവിതം ദുരിതപൂർണമാക്കുകയാണ്‌. കമ്യൂണിസ്‌റ്റ്‌ പാർടികളുടെ ഐക്യം കൂടുതൽ ശക്തിപ്പെടണമെന്നാണ്‌ ഇതു കാണിക്കുന്നത്‌. 
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഓരോദിവസവും താഴേക്കുപോകുകയാണ്. കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് മോദിഭരണം ചെയ്യുന്നത്. ഇതിനെ ചെറുക്കാൻ രാജ്യം ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണ്. ബദലായി ജനങ്ങൾ കാണുന്നത് കേരളത്തിലെ എൽഡിഎഫ് ഭരണത്തെയും. ഈ സാഹചര്യത്തിൽ ഇരു കമ്യൂണിസ്‌റ്റ്‌ പാർടികളുടെയും ഐക്യം കൂടുതൽ ശക്തിപ്പെടണം. 
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബദൽനയമാണ്‌ കേരളസർക്കാർ നടപ്പാക്കുന്നത്‌. ഇത്‌ തകർക്കാനാണ്‌ വർഗീയശക്തികളെ കൂട്ടുപിടിച്ച്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. ഇതിന്‌ ഒരുവിഭാഗം മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്‌. നുണക്കഥകൾ മെനഞ്ഞും അപവാദപ്രചാരണം നടത്തിയും അവർ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു–- ജയചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top