16 April Tuesday

പുറത്തുനിന്നെത്തിയ 56 പേരെ നിരീക്ഷണത്തിലാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020
ആലപ്പുഴ
ജില്ലയില്‍ വിദേശത്തുനിന്നെത്തിയ 13 പേരെ ചൊവ്വാഴ്‌ച കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. അബുദാബി –- കൊച്ചി വിമാനത്തില്‍ വന്ന 12 പേരെ കായംകുളത്തെ കോവിഡ്  സെന്ററിലും ദോഹയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഒരാളെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് സെന്ററിലുമാണ് പാര്‍പ്പിച്ചത്.
ഡല്‍ഹിയില്‍ നിന്ന്‌ ട്രെയിനില്‍ എറണാകുളത്തെത്തിയ യാത്രക്കാരില്‍ 34 പേരെ കെഎസ്ആര്‍ടിസി ബസില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ആലപ്പുഴയിലെത്തിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന്‌ യാത്രക്കാരെ വിളിച്ച്‌ താമസസ്ഥലം, വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ, എവിടെ നിന്നാണ് വാഹനത്തിൽ കയറുക, ക്വാറന്റൈന്‍ സൗകര്യം തുടങ്ങി വിശദവിവരം ശേഖരിച്ചിരുന്നു. വീടുകളില്‍ സൗകര്യമില്ലാത്ത ആറുപേരെ കോവിഡ് കെയര്‍ സെന്ററിലാക്കി. കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡില്‍നിന്ന്‌ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസ്‌ സജ്ജീകരിച്ചിരുന്നു. 12 പേരെ കായംകുളം ഭാഗത്തേക്കും ആറുപേരെ നീലംപേരൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തേക്കും മൂന്നുപേരെ മുഹമ്മ, മാരാരിക്കുളം ഭാഗത്തേക്കും അയച്ചു. ഏഴു പേരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാൻ അയച്ചു.
 ന്യൂഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ട്രെയിനില്‍ തിരുവനന്തപുരത്തിറങ്ങിയ ഒമ്പത് ആലപ്പുഴക്കാരാണ് കായംകുളം കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലെത്തിയത്. ഇതില്‍ ഏഴുപേരെ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാനായി എത്തിച്ചു. രണ്ടു പേരെ കോവിഡ്  സെന്ററില്‍ പ്രവേശിപ്പിച്ചു. തഹസില്‍ദാര്‍മാരായ കെ ആര്‍ മനോജ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്‌റ്റാൻഡിലും ഡി സി ദിലീപ്കുമാര്‍ കായംകുളം ബസ് സ്‌റ്റാൻഡിലും എത്തിയിരുന്നു.  
ആരോഗ്യവകുപ്പ്, റവന്യൂ, പൊലീസ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഹെല്‍പ്പ് ഡസ്‌കിൽ ഉണ്ടായിരുന്നു. ബസ് സ്‌റ്റാൻഡുകളിലെത്തിയ യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നൽകാൻ സംവിധാനമൊരുക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാർക്ക്‌ മാര്‍ഗനിര്‍ദേശം അടങ്ങിയ ലഘുലേഖ നൽകി.
ബസ് സ്‌റ്റാൻഡുകളില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്നും പൊലീസും ആരോഗ്യവകുപ്പും ഉറപ്പാക്കി. ബസുകള്‍ അണുനശീകരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top