20 April Saturday
ആർഎസ്എസ് ആക്രമണം

ലോക്കൽ സെക്രട്ടറിയുടെ വീട് തകർത്തു

സ്വന്തം ലേഖകൻUpdated: Tuesday Apr 20, 2021

ആർഎസ്എസുകാർ തകർത്ത സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജെ പ്രവീണിന്റെ 
വീടിന്റെ ജനൽ

ആലപ്പുഴ
സിപിഐ എം കൊമ്മാടി ലോക്കൽ സെക്രട്ടറി കെ ജെ പ്രവീണിന്റെ വീട് ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചു. കുപ്പി ഏറിൽ ജനാലചില്ലുകൾ തകർന്ന് പിഞ്ചുകുഞ്ഞിന്റെ ദേഹത്തുവീണു. തിങ്കളാഴ്‌ച പുലർച്ചെ 4.30 ഓടെയാണ് ആക്രമണം. 
   മദ്യക്കുപ്പികൾ എറിഞ്ഞ് വീടിന് മുന്നിലെ മൂന്ന് ജനാലകളുടെ ചില്ലുകൾ തകർത്തു. സൺ ഷെയ്ഡിൽ തട്ടി ബിയർകുപ്പികൾ പൊട്ടിച്ചിതറി. ബൈക്കിൽ എത്തിയ ക്രിമിനൽ സംഘം പത്തിലേറെ കുപ്പികൾ  എറിഞ്ഞു.  മൂന്ന് ഭാഗത്ത്നിന്ന് ഒരേസമയം ആക്രമണം നടത്തുകയായിരുന്നെന്ന് പ്രവീൺ പറഞ്ഞു. വീടിന് മുന്നിലെ മുറിയിലാണ് പ്രവീണും ഭാര്യ അനുശ്രീയും മകൻ റിതുവും (ആറ്)  കിടന്നത്. ഏറിൽ ബിയർ കുപ്പിയും ജനാല ചില്ലുകളും തകർന്ന് റിതുവിന്റെ ശരീരത്ത് കൊണ്ടെങ്കിലും കാര്യമായ പരിക്കില്ല.
     ദിവസങ്ങളായി ആർഎസ്എസ് ക്രിമിനലുകൾ കൊമ്മാടി പ്രദേശത്ത് കൊലവിളി നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രകടനമായെത്തി ഡിവൈഎഫ്ഐ കൊടിമരവും പതാകയും നശിപ്പിച്ചു. വളളികുന്നത്ത് അഭിമന്യുവിനെ (15) അരുംകൊല ചെയ്‌തതിനെതിരെ കൊമ്മാടിയിൽ സിപിഐ എം പ്രതിഷേധ പ്രകടനം നടത്തിയത് ആർഎസ്എസ് എതിർക്കയായിരുന്നു. പ്രദേശത്ത്‌ പൊലീസ്‌ പിക്കറ്റ്‌ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്‌ച പൊലീസ് സ്ഥലത്തില്ലെന്ന് മനസിലാക്കിയാണ് വീടാക്രമിച്ചത്.
 
ആക്രമണം 
അവസാനിപ്പിക്കണം: സിപിഐ എം 
ആലപ്പുഴ
സിപിഐ എം കൊമ്മാടി ലോക്കൽ സെക്രട്ടറി കെ ജെ പ്രവീണിന്റെ വീട് ബിജെപി,- ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചതിൽ  ജില്ലാ സെക്രട്ടറി ആർ നാസർ ശക്തമായി പ്രതിഷേധിച്ചു. 
   നിയമസഭ തെരഞ്ഞെടുപ്പോടെ ജനങ്ങളിൽനിന്ന് പൂർണമായി ഒറ്റപ്പെട്ട ബിജെപി,- ആർഎസ്എസ് സംഘം ജില്ലയിലാകെ സംഘർഷം സൃഷ്‌ടിക്കുകയാണ്. സിപിഐ എം പ്രവർത്തകർ സംയമനം പാലിക്കുന്നതിനാലാണ് കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാത്തത്.  ഇത് ദൗർബല്യമായി കാണരുത്.  രാത്രിയുടെ മറവിലും സിപിഐ എം പ്രവർത്തകരുടെയും നേതാക്കളുടെയും വീടിന് നേരെ ആക്രമണം നടത്തുന്നത് ബിജെപി, ആർഎസ്എസ് സംഘം അവസാനിപ്പിക്കണം. ജനങ്ങളുടെ സ്വൈര ജീവിതം തകർക്കാനുള്ള വർഗീയവാദികളുടെ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും നാസർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top