26 April Friday
ബിനാലെ

വാഗീശ്വരി പകർത്തിയ‌ ആലപ്പുഴ കാഴ്‌ചകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

പോർട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കരികിൽ അനുജോൺ ഡേവിഡ്

ആലപ്പുഴ

വാഗീശ്വരി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ. അതും ആലപ്പുഴയുടെ പൈതൃകം പകർത്തിയ കാഴ്‌ചകൾ. ഫോട്ടോഗ്രാഫർ അനു ജോൺ ഡേവിഡ് ക്യാമറയിൽ പകർത്തിയ കാഴ്‌ചകളുണ്ട്‌  "ലോകമേ തറവാട്' ആലപ്പുഴ ബിനാലെയിൽ. കരുനാഗപ്പള്ളി സ്വദേശിയായ ഈ മുപ്പത്തിയേഴുകാരന്റെ 16 ചിത്രങ്ങളാണ്‌ പോർട്ട്‌ മ്യൂസിയത്തിലെ പ്രദർശനത്തിനുള്ളത്‌. 
  ആലപ്പുഴയിൽ നിർമിച്ച വാഗീശ്വരി ക്യാമറയുടെ പ്രശസ്‌തി ലോകമെങ്ങും എത്തിയതാണ്‌. ഫിലിം ക്യാമറയായ ഇതിൽ എടുത്ത ചിത്രങ്ങൾക്ക്‌ റെസല്യുഷൻ കൂടുതലാണ്‌; മേന്മയുമേറും. ഡിജിറ്റൽ ക്യാമറാ യുഗത്തിൽ പുതുമയാണ്‌ പഴയ ക്യാമറ കാണാനും അവയിലൂടെ പിറന്ന ചിത്രങ്ങൾ അറിയാനുമുള്ള അവസരം.  
  2020ലും 2021ലും പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് കളർ നൽകിയാണ് അനു ജോൺ അവതരിപ്പിച്ചിരിക്കുന്നത്‌.‌ നെഗറ്റീവ്‌ ഡെവലപ്‌ ചെയ്‌ത ശേഷം കൈകൊണ്ട്‌ കളർ ചെയ്യും. തുടർന്ന്‌ അത്‌ സ്‌കാൻ ചെയ്‌ത്‌ പ്രിന്റ്‌ എടുത്താണ്‌ പ്രദർശിപ്പിച്ചിരിക്കുന്നത്‌. വേമ്പനാട്‌ കായലിന്റെയും കടലിന്റെയും ഇടയിലുള്ള ദൃശ്യങ്ങളാണ്‌ പകർത്തിയിരിക്കുന്നത്‌. ആലപ്പുഴയുടെ അടയാളമായ  കനാലുകൾ, കടൽപ്പാലം,  കരുമാടിക്കുട്ടൻ, കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങൾ, അമ്പലപ്പുഴ ക്ഷേത്രം, തങ്കിപ്പള്ളി, അന്ധകാരനഴി, മൺറോ ലൈറ്റ്‌ ഹൗസ്‌ തുടങ്ങിയവ ചിത്രങ്ങളിലുണ്ട്‌. 
  വാഗീശ്വരി ക്യാമറയുടെ നിർമിതിക്ക് പിന്നിൽ കെ കരുണാകരൻ എന്ന ആലപ്പുഴക്കാരനാണ്. പ്രാദേശികമായി കിട്ടുന്ന വസ്‌തുക്കളും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത ലെൻസും കൂട്ടിച്ചേർത്ത് തേക്കിൻതടിയിൽ ഉണ്ടാക്കിയ ക്യാമറ 1942 മുതൽ ലോകത്തിന്‌ വിസ്‌മയമായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top