മാന്നാർ
അപ്പർകുട്ടനാടൻ മേഖലയിലെ നെൽകർഷകരുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ മൂർത്തിട്ട മുക്കത്താരി ബണ്ടു റോഡ്, ചക്കിട്ട പാലം എന്നിവയുടെ നിർമാണത്തിന് ഭരണാനുമതിയായി.
മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തിലാണ് 15.2 കോടി രൂപയുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. 4.2 കിലോമീറ്റർ ദൈർഘ്യവും ആറുമീറ്റർ വീതിയുമായ മൂർത്തിട്ട മുക്കത്താരി വാലേൽ വള്ളക്കാലി റോഡും കാലപ്പഴക്കത്താൽ നിലംപൊത്താറായ ചക്കിട്ട പാലവുമാണ് നിർമിക്കുന്നത്. നെൽകർഷകരുൾപ്പെടെ ഇരുന്നൂറോളം കുടുംബങ്ങളുടെ സഞ്ചാരപാതയായ മൂർത്തിട്ട മുക്കാത്താരി റോഡ് തകർന്ന നിലയിലാണ്. 37 വർഷം പഴക്കമായ ചക്കിട്ട പാലത്തിന്റെ കൈവരികൾ തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളി. ബലക്ഷയമേറിയതിനാൽ പാലത്തിലൂടെ സഞ്ചാരം അപകടകരമാണ്.
മൈനർ ഇറിഗേഷന് കത്ത് കൈമാറി
ബലക്ഷയമേറിയ ചക്കിട്ട പാലത്തിന്റെ പുനർനിർമാണത്തിന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ അനുമതിക്ക് കത്ത് നൽകിയെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ (റോഡ് വിഭാഗം) കൃഷ്ണകുമാർ പറഞ്ഞു.
ടെൻഡർ വിളിക്കാൻ തീരുമാനം
റോഡിന്റെ നിർമാണം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്താൻ കത്തു നൽകുകയും നിർമാണത്തിന് ടെൻഡർ നടപടി ആരംഭിക്കാൻ ശനിയാഴ്ച ചേർന്ന പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചെന്ന് പ്രസിഡന്റ് ടി വി രത്നകുമാരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..