23 April Tuesday
നെഹ്റുട്രോഫി ജലോത്സവം

കുമരകത്തുനിന്ന് 
5 ചുണ്ടന്മാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

നെഹ്റുട്രോഫി വള്ളംകളിയുടെ പന്തലിന് കലക്ടർ വി ആർ കൃഷ്‌ണതേജ കാൽനാട്ടുന്നു

കോട്ടയം
പുന്നമടക്കായലിൽ നെഹ്രു ട്രോഫി ജലോത്സവത്തിന്റെ ആരവം മുഴങ്ങുമ്പോൾ കുമരകത്തിന്റെ കരുത്ത്‌ തുഴകളിലാവാഹിച്ച്‌ അഞ്ച്‌ ചുണ്ടൻ വള്ളങ്ങളുമുണ്ടാകും. സെപ്‌തംബർ നാലിന്‌ നടക്കുന്ന ജലോത്സവത്തിനായി വള്ളങ്ങളുടെ പരിശീലനത്തിന്‌ തുടക്കം കുറിച്ചു. ജലോത്സവത്തിന്റെ വരവറിയിച്ച്‌ തുഴക്കരുത്തിന്റെ നാട്‌ ഇപ്പോഴേ ആവേശത്തിൽ മുങ്ങി. ഏഴ്‌ വെള്ളിക്കപ്പ് സ്വന്തമാക്കിയിട്ടുള്ള കുമരകം ബോട്ട് ക്ലബ്‌ ഇത്തവണ ആയാപറമ്പ് പാണ്ടി ചുണ്ടനിൽ മത്സരിക്കും. ആറ്‌ തവണ നെഹ്രു ട്രോഫി സ്വന്തമാക്കിയ കുമരകം ടൗൺ ബോട്ട് ക്ലബ്‌ എത്തുക സെന്റ് പയസ് ചുണ്ടനിൽ. അവസാനമായി കുമരകത്തിന്റെ മണ്ണിൽ നെഹ്‌റു ട്രോഫി എത്തിച്ച വേമ്പനാട് ബോട്ട് ക്ലബ്‌ പായിപ്പാടാൻ ചുണ്ടനിലെത്തും. രണ്ടു തവണയാണ് വേമ്പനാട് നെഹ്രു ട്രോഫി ജേതാക്കളായത്. ചുരുങ്ങിയ കാലംകൊണ്ട് ഉയർന്നുവന്ന കൈപ്പുഴമുട്ട്‌ എൻസിഡിസി നടുഭാഗം ചുണ്ടനിലും ചുണ്ടൻവള്ളത്തിൽ കന്നിക്കാരായ സമുദ്ര ബോട്ട് ക്ലബ്‌ ജവഹർ തായങ്കരി ചുണ്ടനിലും മത്സരിക്കാനുണ്ടാകും. മുത്തേരിമടയിൽ വള്ളങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. എല്ലാ വള്ളങ്ങളും ഒന്നിച്ചുള്ള ട്രയൽ നടക്കുന്ന 28ന് മുത്തേരിമട ഉത്സവഛായയിൽ മുങ്ങും.
 ചുണ്ടൻ കൂടാതെ അഞ്ച്‌ ചെറുവള്ളങ്ങളും ഇക്കുറി കുമരകത്തുനിന്ന്‌ പുന്നമടയിലെത്തുന്നുണ്ട്‌. പരിശീലനങ്ങൾ ആരംഭിച്ചതോടെ നാടെങ്ങും വള്ളംകളി ആവേശത്തിലമർന്നു. മൂന്ന് ഹാട്രിക്കുകൾ അടക്കം പതിനഞ്ചു തവണ കുമരകത്ത്‌ നെഹ്രു ട്രോഫി എത്തി. വേമ്പനാട്, സമുദ്ര, കുമരകം ബോട്ട് ക്ലബ്ബുകൾ മുത്തേരിമടയിലും ടൗൺ, എൻസിഡിസി എന്നിവർ തൊള്ളായിരം തോട്ടിലുമാണ്‌ പരിശീലനം നടത്തുന്നത്.

പന്തൽനിർമാണം തുടങ്ങി

ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണം തുടങ്ങി. പുന്നമട ഫിനിഷിങ്‌ പോയിന്റിൽ എൻടിബിആർ സൊസൈറ്റി ചെയർമാനും കലക്‌ടറുമായ വി ആർ കൃഷ്‌ണതേജ പന്തലിന്‌ കാൽനാട്ടി.

10 ജില്ലയിൽ ടിക്കറ്റ് എത്തി

ആലപ്പുഴ
നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ്‌ വെള്ളി മുതൽ 10 ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ലഭിക്കും. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെ ജില്ലകളിൽ വിൽപ്പനയ്‌ക്ക്‌ സംവിധാനം പൂർത്തിയായി. 
100 മുതൽ 3000 രൂപ വരെയാണ്‌ നിരക്ക്‌. ഓൺലൈനിൽ ഇതുവരെ 1.5 ലക്ഷം രൂപയുടെ ടിക്കറ്റ്‌ വിറ്റു. ജില്ലയിൽ നേരിട്ടുള്ള വിൽപ്പന ബുധനാഴ്‌ച ആരംഭിച്ചു. ഇതുവരെ 50,000 രൂപയുടെ ടിക്കറ്റ്‌ വിൽപ്പന നടത്തി.

ഹൗസ്‌ബോട്ടുകൾ 
മാറ്റണം

ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളി മത്സരട്രാക്ക് ആഴംകൂട്ടാനും ട്രാക്കിൽ കുറ്റികൾ അടിക്കുന്നതിനുമായി പുന്നമട സ്‌റ്റാർട്ടിങ്‌ പോയിന്റ് മുതൽ ഫിനിഷിങ്‌ പോയിന്റു വരെ പാർക്കുചെയ്‌തിട്ടുള്ള ഹൗസ്‌ബോട്ടുകൾ വെള്ളി രാവിലെ മുതൽ സെപ്‌തംബർ നാലിന് വൈകിട്ട്‌  ഏഴുവരെ മാറ്റിയടണമെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു ബേബി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top