29 March Friday

താഴികക്കുടം മോഷ്‌ടാക്കളെ രക്ഷിക്കാനുള്ള ബിജെപി ശ്രമം അപഹാസ്യം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
ചെങ്ങന്നൂർ
താഴികക്കുടം കവർച്ചക്കേസിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ബിജെപി വിശ്വാസത്തെ മറയാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐ എം ഏരിയ കമ്മിറ്റി. 2011 ലാണ്‌ പാണ്ടനാട് മുതവഴി ശ്രീ കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രത്തിലെ താഴികക്കുടം മോഷണംപോയത്‌.  
കേസിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണത്തെ തടയാൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുകയാണ്‌. കവർച്ചയിൽ എം വി ഗോപകുമാറിനടക്കം മുഖ്യപങ്കുണ്ടെന്ന്‌ കാട്ടി ബിജെപി നേതാക്കളായ നിലവിലെ പ്രതികൾ മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയെത്തുടർന്നാണ് പുനരന്വേഷണം. അന്വേഷണം ആരംഭിച്ചത് യഥാർഥ പ്രതികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. 
ക്ഷേത്രത്തെയും വിശ്വാസത്തെയും മറയാക്കിയാണ്‌ സിപിഐ എമ്മിനും മന്ത്രി സജി ചെറിയാനുമെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി കോടികളാണ് സിപിഐ എം നേതൃത്തിലുള്ള സർക്കാർ നൽകിവരുന്നത്. 10 കോടി വകയിരുത്തി നിർമിക്കുന്ന ശബരിമല ഇടത്താവളം, വിവിധ ക്ഷേത്രങ്ങളുടെയും കുളങ്ങളുടെയും ക്ഷേത്രപൊതുവഴികളുടെയും പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ നേതൃത്വം നൽകുന്ന മന്ത്രി സജി ചെറിയാനെ വിശ്വാസത്തിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്.
നിലവിലുള്ള പ്രതികൾ റിമാൻഡിലിരിക്കെ താഴികക്കുടം ക്ഷേത്രത്തിന്‌  സമീപമുള്ള വീടിനുമുമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ദുരൂഹമാണ്‌. മോഷണസാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ച്‌ ക്ഷേത്രഭരണസമിതി കാവൽക്കാരെ പിൻവലിച്ചതും തൊണ്ടിമുതലായ താഴികക്കുടം പൊലീസിൽ നൽകാതെ ക്ഷേത്രഗോപുരത്തിൽ പുനസ്ഥാപിച്ചതും ദുരൂഹമാണ്‌. 
എം വി  ഗോപകുമാറിനെ സംരക്ഷിക്കുന്നതിന് കോൺഗ്രസ്‌ ഉന്നതനേതാവ് ഇടപെട്ടതായും പരാതിയിൽ പറയുന്നത് യഥാർഥ വസ്‌തുതകളിലേക്ക് വിരൽചൂണ്ടുന്നു. ശാസത്രീയ അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടത് യഥാർഥവിശ്വാസികളുടെ ആവശ്യമാണെന്നും സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top