24 April Wednesday

ശ്രീനാരായണ ഗുരുവിന്റെ പ്രേരണയിൽ 
ആദ്യ തൊഴിലാളി സംഘടന

ലെനി ജോസഫ്Updated: Wednesday Jan 19, 2022
 
ആലപ്പുഴയിലെ തൊഴിലാളിവർഗം കടന്നുവന്ന വഴിത്താരകളിലെ നാഴികക്കല്ലുകളിൽ പ്രധാനപ്പെട്ടതാണ്‌ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ (ടിഎൽഎ) രൂപീകരണം. ആലപ്പുഴയിലെ കയർതൊഴിലാളികൾ വർഗബോധത്തിൽ അധിഷ്‌ഠിതമായി വളരാൻ വഴിമരുന്നിട്ട സംഘടന. അതിന്‌ കാരണഭൂതനാകാൻ മഹാനായ ശ്രീനാരായണ ഗുരുവും നിമിത്തമായി.  
ആലപ്പുഴ കിടങ്ങാംപറമ്പിലാണ് വാടപ്പുറം പി കെ ബാവയോട് ശ്രീനാരായണഗുരു തൊഴിലാളി യൂണിയനുണ്ടാക്കാൻ നിർദേശിക്കുന്നത്. വെള്ളക്കാർ നടത്തിയിരുന്ന ഡറാസ് മെയിൽ കമ്പനിയിൽ ചാട്ടവാർ അടി ഉൾപ്പെടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങി ജോലി ചെയ്‌തിരുന്നവരിൽ ഒരാളായിരുന്നു പി കെ ബാവ. ഗുരുവിനോട് പാരാതി പറഞ്ഞ ബാവയോട്  ‘എങ്കിൽ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക. സംഘത്തിന്റെ ശക്തിയിൽ അവർ കരുത്തുള്ളവരും സ്വതന്ത്രരുമാകട്ടെ' എന്ന്‌ ഗുരുപറഞ്ഞു. 
1922ന്റെ തുടക്കത്തിൽ ആലുമ്മൂട്ടിൽ കേശവന്റെ സ്ഥലത്ത് കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാൻ യോഗം ചേർന്നു. 1922 മാർച്ച് 31ന് ആലപ്പുഴ കളപ്പുര ക്ഷേത്രമൈതാനത്തായിരുന്നു തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഉദ്ഘാടനസമ്മേളനം. മുഖ്യാതിഥിയായി എത്തിയ ഗുരുശിഷ്യൻ സ്വാമി സത്യവ്രതൻ ‘ഭയപ്പെടേണ്ട. തൊഴിലാളികളുടെ കാലമാണ് വരാൻ പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടുപോകുക' എന്ന ഗുരുസന്ദേശം വായിച്ചു.
അങ്ങിനെ ശ്രീനാരായണപ്രസ്ഥാനത്തിന്റെ തണലിലായിരുന്നു ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കം. ഗവൺമെന്റ്‌, ജാതി, മതം, ഫ്യൂഡൽ നാട്ടുനടപ്പുകൾ എന്നിവയെല്ലാം ഉപയോഗിച്ച് തൊഴിലാളികളെ കയർ കമ്പനി മുതലാളിമാർ ചൂഷണംചെയ്യുന്ന പരിതസ്ഥിതിയിലാണ് തൊഴിലാളി യൂണിയന്റെ ഉദയം. 
ഗ്രാമീണ ഫാക്‌ടറികളിൽ ഭൂരഹിത കുടിയാൻമാരായിരുന്നു തൊഴിലാളികൾ.  തൊഴിലാളികൾക്ക് മുൻകൂർ നക്കാപ്പിച്ച കൂലി കൊടുക്കുകയും തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയുംചെയ്യും. കൂടാതെ തൊഴിൽ കരാറുകാരുടെയും മൂപ്പൻമാരുടെയും ചൂഷണം. യൂണിയന്റെ ആദ്യ വാർഷിക സമ്മേളനം 1924ഏപ്രിൽ ആറിനും ഏഴിനും ആലപ്പുഴ ഭഗവതിവിലാസം തിയറ്ററിലായിരുന്നു. ആയിരത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ സി വി കുഞ്ഞിരാമനായിരുന്നു അധ്യക്ഷൻ. 
ചങ്ങനാശേരി പരമേശ്വരൻപിള്ളയും കെ കെ കുരുവിളയും സംസാരിച്ചു. 1928 ആകുമ്പോഴേക്ക് മുഹമ്മ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ കൂടുതൽ ശാഖകളുണ്ടായി. 1933 സെപ്തംബറിൽ നടന്ന ടിഎൽഎയുടെ വാർഷികസമ്മേളനത്തിൽ പങ്കെടുത്തത് സോവിയറ്റ് യൂണിയൻ സന്ദർശിച്ച ശേഷം വന്ന പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കരായിരുന്നു. 
ആ സമ്മേളനം ക്ഷേമ അസോസിയേഷൻ എന്ന നിലയിൽനിന്ന് ടിഎൽഎയെ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളിലേക്ക് അടുപ്പിച്ചു.
 മാർക്‌സിസത്തോട് വലിയ പ്രതിപത്തിയുണ്ടായിരുന്ന പി കേശവദേവ് സംഘടനയുടെ തലപ്പത്തുവന്നു.
യൂണിയന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ‘തൊഴിലാളി' പത്രത്തിലൂടെ സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിക്കപ്പെട്ടു. 
1937 ആയപ്പോഴേക്കും രക്തപതാക ടിഎൽഎയുടെ പതാകയായി. 1935ൽ കോഴിക്കോട്ട്‌ നടന്ന അഖില കേരള തൊഴിലാളി സമ്മേളനംമുതൽ കോൺഗ്രസ് സോഷ്യലിസ്‌റ്റ്‌ പാർട്ടിയും (സിഎസ്‌ പി)  ആലപ്പുഴ തൊഴിലാളികളും തമ്മിൽ സജീവബന്ധമായി. ആലപ്പുഴയിലെ തൊഴിലാളികളുടെ പ്രക്ഷോഭത്തിന് താങ്ങും തണലുമായി സിഎസ്‌പി നിലകൊണ്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top