ആലപ്പുഴ
ഇന്ത്യൻ സ്വച്ഛതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചിൽ ബൃഹത് ഇന്ത്യ ഭൂപടമൊരുക്കി. ക്യാമ്പയിനും ശുചിത്വ സന്ദേശ ക്യാൻവാസ് രചനയും ചെയർപേഴ്‌സൺ കെ കെ ജയമ്മ ഉദ്ഘാടനംചെയ്‌തു. സ്വച്ഛ് ഭാരത് നിർദ്ദേശ പ്രകാരം രാജ്യത്തെ മുഴുവൻ നഗരസഭകൾ, ബീച്ചുകൾ, ടൂറിസം സ്പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അവരെ ദേശീയപതാകയുടെ നിറത്തിൽ അണിനിരത്തിയാണ് 100 അടിയോളം വരുന്ന ഇന്ത്യ ഭൂപടം സൃഷ്ടിച്ചത്. ശുചിത്വ സന്ദേശം പകരുന്ന ചിത്രങ്ങൾ വരക്കുന്നതിനായി കലാകാരന്മാർക്കൊപ്പം പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന തരത്തിൽ 100 മീറ്റർ നീളത്തിൽ തുണിയിൽ ഒറ്റ ക്യാൻവാസിൽ ചിത്രരചനയും ഒരുക്കിയിരുന്നു. ആലപ്പി സ്‌കേറ്റേഴ്സ് ടീം ഇന്ത്യൻ സ്വച്ഛതാ ലീഗ് പതാക വാഹകരായി നടത്തിയ സ്‌കേറ്റിങ് പ്രകടനവും തിലക് കോറിയോസ് അവതരിപ്പിച്ച ഫ്ലാഷ് മോബും ക്യാമ്പയിന് മിഴിവേകി. പരിപാടിയിൽ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ആർ പ്രേം, എം ജി സതീദേവി, നസീർ പുന്നക്കൽ, ആർ വിനിത, കക്ഷിനേതാക്കളായ ശ്രീലേഖ ഹരികൃഷ്ണൻ, സലിംമുല്ലാത്ത്, നഗരസഭ സ്വച്ഛതാ ലീഗ് ബ്രാൻഡ് അംബാസിഡർ ആഷ്‌ലിൻ അലക്‌സാണ്ടർ, നഗരസഭ സെക്രട്ടറി എ എം മുംതാസ്, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, ഹരിതകേരള മിഷൻ കോ ഓർഡിനേറ്റർ രാജേഷ്, ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, സ്വച്ഛതാ ലീഗ് നഗരസഭ നോഡൽ ഓഫീസർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ശുചിത്വ വളന്റിയർമാർ ബീച്ച് വൃത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..