25 April Thursday

കുട്ടനാടിന്‌ 2447 കോടി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ആലപ്പുഴ

എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ്‌ 100 ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കും.  പ്രളയാനന്തര കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി 2447 കോടി രൂപയാണ് വകയിരുത്തിയത്‌.
 ആസൂത്രണ ബോർഡും കിഫ്ബിയും  വിവിധ സർക്കാർ വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ചേർന്ന്‌‌ നടപ്പാക്കുന്ന കുട്ടനാട്‌ രണ്ടാം പാക്കേജ്  സമഗ്രപദ്ധതികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. 
 കുട്ടനാടിനായി എൽഡിഎഫ്‌ സർക്കാർ 2019 മാർച്ച് വരെ 1013.35 കോടി ചെലവഴിച്ചു. എന്നാൽ, അതുമാത്രം പോരാ എന്നതിനാലാണ്‌ സമഗ്രമായ രണ്ടാം പാക്കേജ്.   
കാർഷികവളർച്ച ഉറപ്പാക്കുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയുമാണ്‌ പാക്കേജിന്റെ പ്രഥമദൗത്യം. വേമ്പനാട് കായലിനെ പാരിസ്ഥിതിക ആഘാതം താങ്ങാൻ പര്യാപ്‌തമാക്കും. പദ്ധതികളിൽ പലതും 100 ദിവസത്തിനകം ആരംഭിക്കും. 
കുട്ടനാടിനെ പ്രത്യേക കാർഷികമേഖലയായി പ്രഖ്യാപിക്കൽ, കാർഷിക കലണ്ടർ, നല്ലയിനം വിത്തുകളുടെ വിതരണം, വിത്തുകളുടെ തദ്ദേശീയ ഉൽപ്പാദനം, പെട്ടിയും പറയും മാറ്റി പുതിയ സബ്മേഴ്സിബിൾ പമ്പ് എന്നിവ  പാക്കേജ്‌ വിഭാവനം ചെയ്യുന്നു.ചില പദ്ധതികൾ ഇതിനകം‌ തുടങ്ങിക്കഴിഞ്ഞു. 
അന്താരാഷ്‌ട്ര കായൽ ഗവേഷണ കേന്ദ്രം കാർഷിക കലണ്ടർ തയ്യാറാക്കി.
 സബ്മേഴ്സിബിൾ പമ്പ് വിതരണം ചെയ്യുന്നതിന്‌  കൃഷി വകുപ്പ് നടപടിയായി. 
കുട്ടനാട് അരി എന്ന ബ്രാൻഡ്‌ ഉൽപ്പാദിപ്പിക്കാൻ ആലപ്പുഴയിൽ  സംയോജിത റൈസ് പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതി 30നകം സമർപ്പിക്കാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കും.
താറാവ്‌ ഗവേഷണകേന്ദ്രം  
 പാക്കേജിൽ മൃഗസംരക്ഷണത്തിനും മികച്ച പരിഗണന നൽകും. 
എല്ലാ പഞ്ചായത്തിലും ഉയർന്ന പ്രതലത്തിലുള്ള കന്നുകാലി ഷെഡ്ഡുകൾ, താറാവ് കൃഷി പ്രോത്സാഹനം,  ഇൻഷുറൻസ് പരിരക്ഷ, താറാവ്കൃഷി ഗവേഷണ കേന്ദ്രം, തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികൾ.  ഉൾനാടൻ മത്സ്യബന്ധനത്തിന്റെ വ്യാപനം, മത്സ്യസംരക്ഷണ ഇടങ്ങൾ, മത്സ്യ വിത്തുൽപ്പാദനകേന്ദ്രങ്ങൾ, കൃഷി, മൃഗസംരക്ഷണം, മത്സ്യവികസനം എന്നിവയുടെ സംയോജിത കൃഷിരീതികൾ, മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിൽ സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവയും പാക്കേജിലുണ്ട്‌. 
13,632 ഹെക്‌ടറിൽ  ‘ഒരു നെല്ലും ഒരു മീനും' പദ്ധതി അടുത്ത സീസണിൽ ആരംഭിക്കും. മത്സ്യബന്ധന തൊഴിലാളി സ്‌ത്രീകൾക്കായി 89 സ്വയംസഹായ സംഘങ്ങൾക്ക്  1.79 കോടി വായ്‌പ നൽകും. കുളവാഴ നിർമാർജനത്തിനായി 20 ലക്ഷം ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 
ലീഡിങ് ചാനൽ 
ശേഷി വർധിപ്പിക്കും 
ജലസേചനമേഖലയിൽ ‘നദിയ്‌ക്കൊരിടം' എന്ന ആശയം നടപ്പാക്കും. തോട്ടപ്പള്ളി സ്‌പിൽവേ ലീഡിങ്‌ ചാനലിന്റെ  വീതിയും ആഴവും വർധിപ്പിക്കും. 
പമ്പയിൽ മൂന്നു പ്രളയ റെഗുലേറ്ററുകൾ, എ സി കനാൽ രണ്ടും മൂന്നും ഘട്ടങ്ങൾ , വേമ്പനാട് കായലിന്റെ സംരക്ഷണം, കനാലുകൾ വൃത്തിയാക്കി ആഴം വർധിപ്പിക്കൽ, പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണത്തിന്‌ ‘കംപാർട്ട്മെന്റലൈസേഷൻ' തുടങ്ങിയവയും പരിഗണിക്കുന്നു. 
ഹൗസ് ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കായി ഗവേണിങ് ബോഡി, പാതിരാമണൽ ദ്വീപ് സംരക്ഷണം എന്നിവ ഇതിന്റെ ഭാഗമാണ്‌.  
അയ്‌മനത്തെ മാതൃകാ ഉത്തരവാദിത്വ ടൂറിസം വില്ലേജായി  പ്രഖ്യാപിക്കും.
കുടിവെള്ളം
കിഫ്ബി മുഖാന്തിരം 291 കോടിയുടെ വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ നിർമിക്കും. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇത് സഹായകമാകും. 
ഇതിനായി 1.65 ഏക്കർ തലവടി, കുന്നുമ്മ, വെളിയനാട് വില്ലേജുകളിലായി ഏറ്റെടുക്കും.  
പശ്‌ചാത്തല വികസനം
നെടുമുടി-–- കുപ്പപ്പുറം  (1.50 കോടി),  മങ്കൊമ്പ് എസി റോഡ് മുതലുള്ള ചമ്പക്കുളം ഗവൺമെന്റ്‌ ഹോസ്‌പിറ്റൽ റോഡ്(3.50 കോടി), മുട്ടൂർ സെൻട്രൽ റോഡ് (3.30 കോടി) എന്നിവ നാലു മാസത്തിനകം.  കെഎസ്ഇബി മൂന്ന് സബ് സ്‌റ്റേഷനുകൾ നിർമിക്കും. കുട്ടനാട്ടിലെ 66 കെവി   സബ്‌സ്‌റ്റേഷൻ 110 കെവിയാക്കും. കാവാലത്ത് 110 കെവി സബ്‌സ്‌റ്റേഷനും കിടങ്ങറയിൽ പുതിയ 33 കെവി സബ്‌സ്‌റ്റേഷനും 
ആരംഭിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top