27 April Saturday

കുതിപ്പായി പാലങ്ങൾ

പ്രത്യേക ലേഖകൻUpdated: Wednesday May 18, 2022

വലിയഴീക്കൽ പാലം

ആലപ്പുഴ
വികസനക്കുതിപ്പിന്‌ വേഗവും സമയവും പ്രധാനഘടകങ്ങളാണെന്ന സത്യം തിരിച്ചറിയുന്ന പിണറായി സർക്കാരിന്റെ അഭിമാനമായി വലിയഴീക്കൽ പാലം. കൊല്ലം– ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽപ്പാലം ഇരുജില്ലകളിലേക്കും പോകുന്നവർക്ക്‌ ദൂരം 28 കിലോമീറ്ററാണ്‌ കുറയ്‌ക്കുന്നത്‌. തീരദേശത്തിന്റെ ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകുന്ന പാലം വൻ ജലനാവലിയുടെ അലയടിച്ചുയർന്ന ആഹ്ലാദത്തിരയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തീരഗ്രാമമായ ആറാട്ടുപുഴയ്‌ക്കന്ന്‌ ശരിക്കും ആറാട്ടുത്സവമായിരുന്നു. 
കായംകുളം കായലിനു കുറുകെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും ബന്ധിപ്പിക്കുന്ന പാലം 146.5 കോടി രൂപ ചെലവിലാണ്‌ നിർമിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌‌ കോ–- ഓപറേറ്റീവ്‌ സൊസൈറ്റിയായിരുന്നു കരാറുകാർ.  ഏഷ്യയിലെ  ഏറ്റവും നീളമുള്ള ടെൻഷൻ സ്‌റ്റീൽ ബാർ കോൺക്രീറ്റ് ബോസ്‌ട്രിങ് പാലമാണിത്‌.  981 മീറ്ററാണ്‌ നീളം. അപ്രോച്ച് റോഡ് അടക്കം 1,260 മീറ്റർ മൊത്തം നീളം. ചൈനയിലെ 1,741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം‌കൂടിയ രണ്ടാമത്തെ ബോസ്‌ട്രിങ് പാലവുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്‌പാനുള്ളതാണ് വലിയഴീക്കൽ പാലം. ആകെയുള്ള 29 സ്‌പാനുകളിൽ അഴിമുഖത്തിനു മുകളിൽവരുന്ന നടുവിലെ മൂന്നു സ്‌പാനുകൾ 110 മീറ്റർവീതം ഉള്ളതാണ്. വലിയ ബോട്ടുകൾക്കടക്കം പോകാൻ കഴിയുംവിധം  12 മീറ്റർ ഉയരത്തിലാണ്  സ്‌പാനുകൾ. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാമെന്നതും പാലംകൊണ്ടുള്ള നേട്ടമാണ്‌.
കടലിനും കായം‌കുളം കായലിനും സമാന്തരമായി കായംകുളം പൊഴിക്കു മുകളിലാണ്‌ പാലം. കാഴ്‌ച കാണാൻ പാലത്തിന്റെ നടുവിലെ മൂന്നു സ്‌പാനിലും ഇരുവശത്തും 2.2 മീറ്റർ‌വീതം നടപ്പാത ഒരുക്കിയിട്ടുണ്ട്.  അഴീക്കൽ– -വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ച് കായലിന്റെയും കടലിന്റെയും കൗതുകക്കാഴ്‌ചകളൊരുക്കുന്ന പാലത്തിന്റെ രൂപകൽപ്പന വിനോദസഞ്ചാരികളെ ആകർഷിക്കും.   മധ്യഭാഗത്തുനിന്ന് നോക്കിയാൽ കടലിലെയും കായലിലേയും കാഴ്‌ചകൾ കാണാം.  
ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത്‌ 2016 ഫെബ്രുവരി 27നാണ്‌ പാലത്തിന്‌ ശിലയിട്ടതെങ്കിലും നിർമാണം തുടങ്ങിയില്ല. ഒന്നും രണ്ടും പിണറായി സർക്കാരുകളാണ്‌ പാലം നിർമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top