അമ്പലപ്പുഴ
വാഹനാപകടത്തിൽ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ എച്ച് സലാം എംഎൽഎ ആശുപത്രിയിലെത്തിച്ചു. പുറക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് 12–--ാം നമ്പര്‍ കോളനിയില്‍ വിധു (43) വിനെയാണ് എംഎല്‍എയുടെ വാഹനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വെള്ളി പകൽ 2.30 ഓടെ ദേശീയപാതയില്‍ പുത്തന്‍നടയിലായിരുന്നു അപകടം. തോട്ടപ്പള്ളി ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന വിധു മുന്നിൽ പോകുകയായിരുന്ന പിക്അപ് വാനിന്റെ പിന്നിലിടിച്ച് വീഴുകയായിരുന്നു.
നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതുവഴിവന്ന വാഹനങ്ങള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഈ സമയത്താണ് നിയമസഭ സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും എച്ച് സലാം അമ്പലപ്പുഴ ഭാഗത്തേക്ക് കാറില്‍ മടങ്ങിവരുന്നത്.
അപകടസ്ഥലത്ത് വാഹനം നിര്‍ത്തി സലാമും ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സമീപവാസികളായ രണ്ടുപേരും ചേര്‍ന്ന് പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന് മതിയായ ചികിത്സ നല്‍കാനുള്ള ഏര്‍പ്പാട് ചെയ്‌തശേഷമാണ് എംഎൽഎ ആശുപത്രിയിൽനിന്ന് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..