20 April Saturday

തുകയടച്ച് വസ്‌തു തിരികെ പിടിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
ആലപ്പുഴ 
കണിച്ചുകുളങ്ങര റൂറൽ സൊസൈറ്റിയിൽനിന്ന്‌ ഭവനനിർമാണ വായ്‌പയെടുത്ത തുക പലിശ സഹിതം തിരിച്ചടച്ചാൽ സംഘത്തിന്റെ പേരിലാക്കിയ വസ്‌തു തിരികെ നൽകാമെന്ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷനംഗം വി കെ ബീനാകുമാരി കേസ് തീർപ്പാക്കി. ഭവനവായ്‌പയ്‌ക്ക് ഈട് നൽകിയ വസ്‌തു സംഘത്തിന്റെ പേരിലാക്കി പോക്കുവരവ് ചെയ്‌തെന്നാരോപിച്ച് മാരാരിക്കുളം നോർത്ത് പണിക്കത്തുപറമ്പ് ടി പി ത്യാഗരാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
 ഒരുലക്ഷം രൂപയാണ്‌ വായ്‌പയെടുത്തത്‌. വായ്‌പ കുടിശ്ശികയായതിനെത്തുടർന്ന് സംഘം ആർബിട്രേഷൻ കേസ് ഫയൽചെയ്തു. 1,23,787 രൂപ 17.7 ശതമാനം പലിശ കണക്കാക്കി അടയ്‌ക്കണമെന്നായിരുന്നു വിധി. എന്നിട്ടും പരാതിക്കാരൻ തുക അടയ്‌ക്കാത്തതിനെത്തുടർന്ന് സംഘം ജപ്തി ആരംഭിച്ചു. 3,14,992 രൂപയ്‌ക്ക് സംഘം തന്നെ വസ്‌തു ലേലം പിടിച്ചു. 2013ൽ സംഘത്തിന്റെ പേരിൽ മുതൽക്കൂട്ടിയ വസ്‌തുവിൽനിന്ന്‌ ഇതുവരെ പരാതിക്കാരനെ ഒഴിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 
എന്നാൽ ആരോപണങ്ങൾ പരാതിക്കാരൻ നിഷേധിച്ചു. ആർബിട്രേഷൻ, ലേല നടപടികൾ സംബന്ധിച്ച് അറിയിപ്പ്‌ കിട്ടിയില്ലെന്ന് ത്യാഗരാജൻ പറഞ്ഞു. ബാധ്യത തീർക്കേണ്ടത് പരാതിക്കാരന്റെ ചുമതലയാണെന്ന് കമീഷൻ വ്യക്തമാക്കി. ഇതിനായി പരാതിക്കാരന് സഹകരണസംഘം അധികൃതരെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top