29 March Friday
എൻ ജി തങ്കപ്പൻ

ആലപ്പുഴയുടെ ചെന്താരകം

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022
ആലപ്പുഴ
ആലപ്പുഴയുടെ വിപ്ലവഹൃദയത്തിൽ ഇന്നും തുടിക്കുന്ന ചെന്താരകമാണ് മങ്കൊമ്പിലെ അനശ്വര രക്തസാക്ഷി എൻ ജി തങ്കപ്പൻ. ആർഎസ്എസ്‌ കൊലയാളിസംഘം ചോരക്കൊതി തീർക്കാനായി തൊഴിലാളിധീരനായ തങ്കപ്പന്റെ തലയറുത്തുവച്ചത്‌ മങ്കൊമ്പ് പാലത്തിൽ. ഭൂസ്വാമിമാരുടെ വയലിടങ്ങളിൽ ചോര വിയർപ്പാക്കുന്ന പാവങ്ങളുടെ നേതാവായിരുന്നു എൻ ജി തങ്കപ്പൻ. നീതികേടുകളോട് സന്ധിയില്ലാതെ പൊരുതിയ കമ്യൂണിസ്‌റ്റുകാരൻ. കുട്ടനാട്ടിൽ സിപിഐ എമ്മിനെ തകർക്കാനും സ്വന്തം വേരുറപ്പിക്കാനും ധനികരുടെ കൂലിത്തല്ലുകാരായി മാറിയ ആർഎസ്എസിന്റെ കണ്ണിലെ കരടായി തങ്കപ്പനെന്ന നാൽപ്പത്തെട്ടുകാരൻ മാറാൻ അധികകാലം വേണ്ടിവന്നില്ല.
പൗരുഷവും കായബലവും ഒത്തുചേർന്ന ആ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനോട് ആർക്കും അത്രപെട്ടന്നൊന്നും എതിരിടാനാകില്ല. 
മങ്കൊമ്പിലെ പ്രസ്ഥാനത്തെ ഉലയ്‌ക്കണമെങ്കിൽ തങ്കപ്പനെ ഇല്ലായ്‌മ ചെയ്യണമെന്ന് ആർഎസ്എസ് തീരുമാനിച്ചു. 1981 നവംബർ പത്തിന്‌ പാതിരാത്രിയിലായിരുന്നു ആ അരുംകൊല. മങ്കൊമ്പിൽ പാതയോരത്തോടു ചേർന്ന സെറ്റിൽമെന്റിലെ കുടിലിലാണ് തങ്കപ്പനും ഭാര്യ വത്സലയും മൂന്നു പെൺമക്കളും കഴിഞ്ഞിരുന്നത്. ചെറിയ ഒരു മുറുക്കാൻകടയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. നാട് വിറയ്‌ക്കാനുതകുന്ന ആസൂത്രണമാണ് തങ്കപ്പൻ വധത്തിനായി ആർഎസ്എസ് ആവിഷ്‌ക്കരിച്ചത്. മൂന്നുസംഘങ്ങൾ കൃത്യനിർവഹണത്തിനായി മാരകായുധങ്ങളുമായി മങ്കൊമ്പിൽ ബോട്ടിറങ്ങി. ഒരേസമയം മൂന്നിടങ്ങളിൽ അവർ ആക്രമണം നടത്തി. ഒരുസംഘം ബോട്ടുജെട്ടിയിലുണ്ടായിരുന്ന ചെത്തുതൊഴിലാളി യൂണിയന്റെ ബോട്ട് തീവച്ചുനശിപ്പിച്ചു. മറ്റൊരുസംഘം ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസിന് ബോംബെറിഞ്ഞശേഷം ഓഫീസ് തകർത്തു. ഓഫീസിലുണ്ടായിരുന്ന എം എം ആന്റണി അടക്കമുള്ള നേതാക്കൾ കൊലക്കത്തിക്കിരയാകാതെ അത്ഭുതകരമായി രക്ഷപെട്ടു. 
ഇതേസമയം ചോരക്കൊതിയുമായി ഒരുസംഘം തങ്കപ്പന്റെ കുടിലിന്റെ വാതിലിൽ മുട്ടി. തങ്കപ്പൻ വീട്ടിൽനിന്നിറങ്ങി ഓടി. ഇരുട്ടിൽ തടഞ്ഞുവീണ തങ്കപ്പനെ വെട്ടിക്കൊന്ന് തല അറുത്തെടുത്ത് അട്ടഹസിച്ചെത്തിയ കാപാലികസംഘം തല മങ്കൊമ്പ് പാലത്തിൽവച്ചു. തങ്കപ്പന്റെ രക്തസാക്ഷിത്വത്തിനുശേഷം മങ്കൊമ്പിൽ പ്രസ്ഥാനം ആർഎസ്എസിനോട് സുധീരം ചെറുത്തുനിന്നു.
സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം കണിച്ചുകുളങ്ങരയിൽ അടുത്തയാഴ്‌ച ചേരുമ്പോൾ എൻ ജി തങ്കപ്പൻ അടക്കമുള്ള ധീരരക്തസാക്ഷികളുടെ അമരസ്‌മരണകളും ആകാശത്തോളം ഉയർന്നുനിൽക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top