23 September Saturday
ആലപ്പുഴ ജില്ലയ്‌ക്ക്‌ ഇന്ന്‌ 65

ആ സുവർണനിമിഷത്തിന്റെ ഓർമയ്‌ക്ക്‌

പ്രത്യേക ലേഖകൻUpdated: Wednesday Aug 17, 2022
ആലപ്പുഴ
ജില്ലയുടെ അറുപത്തഞ്ചാം പിറന്നാളിൽ ആ ചരിത്രനിമിഷത്തിന്റെ കൗതുകമായി  ഉദ്‌ഘാടനച്ചടങ്ങിന്റെ  നോട്ടീസ്‌. ‘ആലപ്പുഴ റവന്യൂ ജില്ല ആഗസ്‌ത്‌ 17ന്‌ രാവിലെ എട്ടിന്‌  ജില്ലാക്കോടതിവളപ്പിൽ കൂടുന്ന പൗരമഹായോഗത്തിൽ കേരളമുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നാണ്‌ നോട്ടീസിലെ പ്രധാനവിവരം. 
ജില്ലയുടെ പിറവി എങ്ങനെ ആഘോഷിക്കണമെന്നും നോട്ടീസിലെ അഭ്യർഥനയിൽ കൃത്യമായി പറയുന്നു. ‘അന്നേദിവസം പട്ടണവാസികളേവരും അവരുടെ വാസസ്ഥലങ്ങളും കടകളും കെട്ടിവിതാനിച്ചും ദീപാലങ്കാരങ്ങളെക്കൊണ്ടും ആ ദിനം മോടിയായി ആഘോഷിക്കണം’. ‘അന്നു രാവിലെ എട്ടിനുമേൽ ഒൻപതുമണിയ്‌ക്കകം  മുനിസിപ്പൽ സൈറന്റെ മുഴക്കം കേൾക്കുമ്പോൾ  അഞ്ചുമിനിറ്റു നേരം അമ്പലങ്ങളിലും പള്ളികളിലും കൂട്ടമണിയാലും  മില്ലുകളിലെ കുഴൽവിളിയാലും  കഴിവുള്ളിടത്തെല്ലാം കതിനാവെടി മുഴക്കിയും പടക്കം പൊട്ടിച്ചും ഉദ്‌ഘാടനദിവസം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൊണ്ടാടണമെന്നും’ ആലപ്പുഴ ജില്ലാ രൂപീകരണക്കമ്മിറ്റി കൺവീനർ ആഹ്വാനം ചെയ്യുന്നു.  
കടകമ്പോളങ്ങളും മില്ലുകളും ഫാക്‌ടറികളും അന്നു പത്തുമണിക്കുശേഷമേ തുറക്കാവൂ. ആലപ്പുഴയിലെ ഭാസ്‌കർ രാജൻ പ്രസിൽ അച്ചടിച്ച നോട്ടീസ്‌ കോൺഗ്രസ്‌ നേതാവ്‌ ഡി സുഗതനാണ്‌ ഫെയ്‌സ്‌ ബുക്കിൽ പോസ്‌റ്റുചെയ്‌തത്‌. 
ജില്ല രൂപീകരണത്തിനായി ഹർത്താലും
കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കരപ്പുറത്തിന്റെയും സമഗ്രവികസനത്തിന്‌ ആലപ്പുഴ നഗരം കേന്ദ്രമാക്കി ജില്ല രൂപീകരിക്കണമെന്ന ആവശ്യം 1950ലാണ്‌ ഉയർന്നത്‌. നേരത്തെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശങ്ങൾ. ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ 1956 ഒക്‌ടോബർ 19ന്‌ ആലപ്പുഴ നഗരത്തിൽ ഹർത്താലും നടത്തി. 
സർക്കാർ അനങ്ങിയില്ല. തൊട്ടടുത്തമാസം കേരള സംസ്ഥാനം പിറന്നു. അടുത്ത വർഷം ഏപ്രിലിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി. നാലു മാസത്തിനു ശേഷം ആലപ്പുഴ ജില്ല എന്ന സ്വപ്‌നം സഫലമായി. 
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണെങ്കിലും  ജലോത്സവങ്ങളുടെ ആർപ്പുവിളികളുയരുന്ന പ്രകൃതിരമണീയമായ ഇവിടം വിനോദസഞ്ചാര ഭൂപടത്തിൽ ഒന്നാമതാണ്‌. കയർ ഫാക്‌ടറികളും മത്സ്യത്തൊഴിലാളികളും കയർ ഫാക്‌ടറിത്തൊഴിലാളികളും കുടിൽ വ്യവസായങ്ങളും ഏറെയുള്ള ജില്ലയെന്ന ഖ്യാതിയുമുണ്ട്‌. ആദ്യത്തെ ഫിലിം സ്‌റ്റുഡിയോ മുതൽ ആദ്യത്തെ സോളാർ ബോട്ട്‌ സർവീസ്‌ വരെ അഭിമാനിക്കാൻ  ഏറെ. 
  കേരളത്തിലെ നെല്ലുൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്‌ ആലപ്പുഴ. കുടുംബശ്രീയും  മികവുകാട്ടുന്നു. ആദ്യ പോസ്‌റ്റ്‌ ഓഫീസ്‌ വന്നതും ആലപ്പുഴയിൽ. വിശ്വസാഹിത്യകാരൻ തകഴിയും കവി വയലാർ രാമവർമയുമെല്ലാം അഭിമാനസ്‌തംഭങ്ങൾ. എല്ലാത്തിനുമുപരി  പുന്നപ്ര–- വയലാർ പ്രക്ഷോഭത്തിന്റെ മഹത്തായ പാരമ്പര്യവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top