ആലപ്പുഴ
മഴ ശക്തമായതോടെ ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 34 കുടുംബങ്ങളിലെ 111 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങന്നർ താലൂക്കിൽ നാലും മാവേലിക്കര താലൂക്കിൽ അഞ്ചും ചേർത്തല താലൂക്കിൽ ഒന്നും ക്യാമ്പാണുള്ളത്.
ചെറിയനാട് വിജയേശ്വരി ഹൈസ്‌കൂൾ, വെൺമണി എൽഎംഎച്ച്‌എസ്, വെൺമണി തച്ചപ്പള്ളി സ്‌കൂൾ, എണ്ണക്കാട് പകൽവീട്, ചെന്നിത്തല മോഡൽ യു പി സ്‌കൂൾ, നൂറനാട് എടപ്പോൺ എച്ച് എസ്, നൂറനാട് കേളി പാട്ടൂർ, നൂറനാട് ഗവർമെന്റ് എൽപിഎസ് ചെറുമുഖം, തൃപ്പെരുന്തുറ ഗവർമെന്റ് എച്ച് എസ്, പട്ടണക്കാട് അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ്.
ചെങ്ങന്നൂർ
കനത്ത മഴയിൽ വീട് പൂർണമായി തകർന്നു. സംഭവത്തിൽ വീട്ടുടമ തലനാരിഴയ്‌ക്ക് രക്ഷപെട്ടു. വ്യാഴാഴ്‌ച രാവിലെ 9.30 ഓടെയാണ് ചെങ്ങന്നൂർ നഗരസഭയിൽ തിട്ടമേൽ അരമന പള്ളിക്ക് സമീപം മോടിയിൽ വീട്ടിൽ എം കെ ശിവന്റെ വീട് തകർന്നു വീണത്. തനിച്ച് താമസിക്കുന്ന ശിവൻ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. ശിവന്റെ കാലിൽ ഓട് വീണ് മുറിവേറ്റിട്ടുണ്ട്.
സമീപത്തെ വീട്ടിന്റെ പുറത്തേയ്ക്ക് ഭിത്തി ഇടിഞ്ഞ് വീണ് പുഷ്‌പാലയത്തിൽ പി ഹരീഷിന്റെ വീടിനും സാധനങ്ങൾക്കും നാശമുണ്ട്.
മങ്കൊമ്പ്
ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. പുളിങ്കുന്ന് പഞ്ചായത്തിൽ ഒന്നാം വാർഡിൽ വേണാട്ട് കാട് ശ്രീമൂലം മിത്രമഠം വീട്ടിൽ എൻ പി തങ്കപ്പന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വ്യാഴാഴ്‌ച പുലർച്ചെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ മേൽക്കൂര പറന്നുപോകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..