ആലപ്പുഴ
പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചതെന്ന് കരുതിയ സംഭവം വാഹനാപകടമെന്ന് തെളിഞ്ഞു. തമിഴ്‌നാട് ബസാണ് ഇടിച്ചത്. തമിഴ്‌നാട് എസ്‌ഇടിസി ബസ് ഡ്രൈവർ തൂത്തുക്കുടി ശങ്കരപ്പേരി ഏട്ടയാപുരം റോഡിൽ ടിഎൻഎച്ച്‌ബി കോളനിയിൽ 4/86 ബാലസുബ്രമണ്യൻ സുബ്ബയ്യ (35) യെ പൊലീസ് അറസ്‌റ്റുചെയ്‌തു.
ആലപ്പുഴ കൈതവന സനാതനപുരം പാർവതി മന്ദിരത്തിൽ ദത്തൻ (-73) ആണ് മരിച്ചത്. മൂന്നിന് പുലർച്ചെ നാലിന് പത്രമെടുക്കാൻ ആലപ്പുഴ ബസ് സ്‌റ്റാൻഡിലേക്കുപോയ ദത്തനെ പഴവങ്ങാടി പള്ളിക്കു സമീപം തമിഴ്‌നാട് ബസിടിച്ചു വീഴ്‌ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ അഞ്ചിന് മരിച്ചു. കുഴഞ്ഞുവീണ് മരിച്ചതെന്ന് കരുതി മൃതദേഹം വിട്ടുകിട്ടാൻ വീട്ടുകാർ പൊലീസിൽ അപേക്ഷ നൽകിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അപകടമരണമെന്ന് കണ്ടെത്തിയത്.
പരിശോധനയ്‌ക്കിടെ ദത്തന്റെ മൃതദേഹത്തിൽ പരിക്കുകൾ കണ്ട് സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദ്ദേശിച്ചു. സൈക്കിളിൽനിന്ന് തനിയെ വീണതല്ലെന്നും വാഹനം ഇടിച്ചതാകാമെന്നും പൊലീസ് സർജൻ ഡോ. ജംഷിദ് സംശയം പ്രകടിപ്പിച്ചു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് എസ്‌ഇടിസി ബസിടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചു. ദത്തൻ സിപിഐ എം ബ്രാഞ്ചംഗമാണ്. സൗത്ത് എസ്‌എച്ച്‌ഒ എസ് അരുൺ, എസ്‌ഐമാരായ ഗിരീഷ്‌കുമാർ, ടി സി ബൈജു, എസ്‌സിപിഒ മാത്യു ജോസഫ്, വികാസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..