19 April Friday

കയർസംഘങ്ങൾ ഓട്ടോമാറ്റിക്കാകുന്നു

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
ആലപ്പുഴ
‘നൂറുദിനം നൂറു യന്ത്രവൽകൃത ഫാക്‌ടറികൾ’ എന്ന ലക്ഷ്യത്തിലേക്ക്‌ കയർ വകുപ്പ്‌ പ്രയാണം തുടങ്ങി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ 11 കയർപിരി സംഘങ്ങളിലാണ്‌ ഇതിനകം ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌‌ യൂണിറ്റുകൾ സ്ഥാപിച്ചത്‌. പുതുമണേൽക്കടവ്, താമല്ലാക്കൽ, നെടുമ്പറക്കാട്, കൊറ്റംപള്ളി, കണ്ടച്ചിറ, ക്ലാപ്പന നോർത്ത്, അക്കരപ്പാടം, തിരുനല്ലൂർ ഈസ്‌റ്റ്‌, ചെങ്ങണ്ട, ചേർത്തല വടക്കുമുറി, കുമാരപുരം എന്നീ സംഘങ്ങളിൽ യന്ത്രം സ്ഥാപിച്ച്‌ ഉദ്‌ഘാടനവും കഴിഞ്ഞു.
ആലപ്പുഴയിലെ കയർ മെഷീനറി മാനുഫാക്‌ചറിങ്‌ കമ്പനിയാണ്‌  ‌ സ്‌പിന്നിങ്‌ യൂണിറ്റുകൾ നിർമിക്കുന്നത്‌. പത്തുമെഷീനുകൾ അടങ്ങിയ ഒരു യൂണിറ്റിന്‌ 50 ലക്ഷം രൂപയാണ്‌ നിർമാണ ചെലവ്‌. ഒരു മെഷീനിൽ നിന്ന്‌ ഏഴു മണിക്കൂർ കൊണ്ട്‌ 60 കിലോ കയർ ഉൽപ്പാദിപ്പിക്കാനാകും. ഒരു യൂണിറ്റിൽ നിന്ന്‌ 600 കിലോ ഉൽപ്പാദിപ്പിക്കാനാകും. ശേഷിക്കുന്ന സംഘങ്ങളിൽ സ്ഥാപിക്കാനുള്ള സ്‌പിന്നിങ്‌ യൂണിറ്റുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന്‌ കയർ മെഷീൻ മാനുഫാക്ചറിങ്‌ കമ്പനി ചെയർമാൻ അഡ്വ.‌ കെ പ്രസാദ്‌ അറിയിച്ചു. 
കയറിന്റെ ഉൽ‌പ്പാദനം ഗണ്യമായി കുറഞ്ഞതിനേത്തുടർന്നാണ്‌ സർക്കാർ ചെറുകിട സംഘങ്ങളെ യന്ത്രവൽക്കരിക്കാൻ തീരുമാനിച്ചത്‌. ഒരുകാലത്ത് ഒരുലക്ഷം ടൺവരെ കയർ ഉലപ്പാദിപ്പിച്ചിരുന്നു.  ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അത്‌ ഏഴായിരം ടൺ മാത്രമായിരുന്നു.
 സർക്കാരിന്റെ ഇടപെടലും സഹായവും കൊണ്ട്‌  കഴിഞ്ഞ വർഷം 20,000 ടണ്ണായി ഉയർന്നു. ഈ വർഷം അവസാനിക്കുമ്പോൾ 40,000 ടണ്ണാക്കുകയാണ്‌ ലക്ഷ്യം. 
ഇതുവരെ ഉദ്ഘാടനം ചെയ്‌ത 11 മില്ലുകളുടെ 2015-–-16 ലെ ഉൽ‌പ്പാദനം 12,000 ക്വിന്റൽ മാത്രമായിരുന്നു. 2019–--20 ൽ 21, 545 ക്വിന്റലായി ഉയർന്നു.  20-–-21 ൽ  50,000 ക്വിന്റലായി ഉയർത്തും. ചകിരി കയർഫെഡ് 21-–-22 രൂപയ്‌ക്ക്‌‌ നൽകും. ഈ ചകിരി സ്വയം ഉൽപ്പാദിപ്പിച്ചാൽ സംഘത്തിന് 5-6 രൂപയെങ്കിലും ലാഭമുണ്ടാകും. 
അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയാണ്‌ യന്ത്രങ്ങൾ സ്ഥാപിച്ചത്‌.  പുതിയ കെട്ടിടം, നിലവിലുള്ളവയുടെ നവീകരണം, ത്രീ ഫേസ്‌ വൈദ്യുതി കണക്‌ഷൻ എന്നിവ ഇതിനു മുന്നോടിയായി പൂർത്തിയാക്കണം. ഒരുയന്ത്രത്തിന്‌ രണ്ടുതൊഴിലാളികളാണ്‌ വേണ്ടത്‌. ഇവർക്ക്‌‌ എൻസിആർഎംഐയിൽ രണ്ടു മാസത്തെ പരിശീലനം നൽകണം. ചെറിയ അറ്റകുറ്റപണികൾക്ക്‌ പ്രത്യേക പരിശീലനം നൽകണം–-ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷമാണ്‌ യൂണിറ്റുകൾ സ്ഥാപിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top