20 April Saturday

ചേർത്തല ആശുപത്രി തുറക്കാൻ തീവ്രനീക്കം 263 ജീവനക്കാരുടെ സ്രവം പരിശോധനയ‌്ക്ക‌് അയച്ചു

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020
ചേർത്തല
ചേർത്തല താലൂക്ക‌് ആശുപത്രിയിലെ 263 ജീവനക്കാരുടെ സ്രവം ശേഖരിച്ച‌് പരശോധനയ‌്ക്ക‌് അയച്ചു. 
ഡോക‌്ടറും നേഴ്‌സുമാരും ഉൾപ്പെടെ 13 ജീവനക്കാർക്ക‌് രോഗബാധയുണ്ടായ സാഹചര്യത്തിലാണ‌ിത‌്. മറ്റ്‌ ജീവനക്കാരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവായിരുന്നു. രോഗബാധയില്ലെന്ന പൂർണ സ്ഥിരീകരണത്തിനാണ‌് സ്രവപരിശോധന. 
 നിലവിൽ ആശുപത്രി  അടച്ചിരിക്കുകയാണ‌്. ജീവനക്കാരുടെ സ്രവം ശേഖരിക്കൽ പൂർത്തിയായതോടെ പുറത്തുള്ളവരുടെ സ്രവശേഖരണം ഇവിടെ പുനരാരംഭിച്ചു. ജീവനക്കാർക്ക‌് രോഗബാധയില്ലെന്ന‌് ഉറപ്പായാലേ ആശുപത്രി പ്രവർത്തനം പുനരാരംഭിക്കൂ. ആശുപത്രി അടഞ്ഞുകിടക്കുന്നതിനാൽ ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടിലാണ‌്. 
രോഗികളെ സ്വകാര്യ ആശുപത്രികൾ സ്വീകരിക്കാത്ത സംഭവങ്ങളുണ്ട‌്‌. താലൂക്ക‌് ആശുപത്രിയുടെ നടത്തിപ്പ‌് ചുമതലയുള്ള നഗരസഭയുടെ കെടുകാര്യസ്ഥതയാണ‌് അടച്ചുപൂട്ടലിലേക്ക‌് നയിച്ചതിലെ പ്രധാന ഘടകം. 
  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ബുധനാഴ‌്ച പരിമിതമായത‌് താലൂക്കിന‌് ആശ്വാസമാണ‌്. ചെല്ലാനത്തുനിന്ന‌് മത്സ്യവ്യാപാരികളിലേക്ക‌് രോഗം പകരുന്നത‌് ബുധനാഴ‌്ചയും സ്ഥിരീകരിച്ചു. അരൂക്കുറ്റിയിലാണ‌് രോഗബാധ. പെരുമ്പളത്ത‌് രോഗം സ്ഥിരീകരിച്ച സന്നദ്ധപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവായതും ആശ്വാസമായി. 
  അതേസമയം എഴുപുന്നയിലെ ഇന്നവേറ്റീവ‌് സീഫുഡ‌് എന്ന സ്ഥാപനത്തിലെ ജീവനക്കാരനും കുടുംബാംഗങ്ങൾക്കും എറണാകുളത്ത‌് രോഗം സ്ഥിരീകരിച്ചത‌് താലൂക്കിൽ ആശങ്ക ഉയർത്തുന്നതാണ‌്. 
170ൽപ്പരം ജീവനക്കാരുള്ള സ്ഥാപനമണിത‌്. ഇവരുടെ പട്ടികയെടുത്ത‌് പ്രതിരോധമുൻകരുതൽ നടപടി സ്വീകരിക്കാനാണ‌് പൊലീസ–-ആരോഗ്യവകുപ്പ‌് നീക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top