29 May Monday
ജില്ലയിൽ ജാഗ്രതാ നിർദേശം

മഴ, കാറ്റ്: 3​ വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ഞായറാഴ്ച നഗരത്തിൽ പെയ്‍ത മഴ. ജില്ലാ കോടതി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം

ആലപ്പുഴ
ജില്ലയിൽ ശക്തമായ മഴ തുടരുന്നു. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ അടിയന്തര നടപടി തുടങ്ങി. കനത്തമഴ കണക്കിലെടുത്ത്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ തിങ്കളാഴ്‌ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു​. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ​ട്രോൾ റൂം കലക്‌ടറേറ്റിലും വിവിധ താലൂക്കുകളിലും തുറന്നു. കനത്തമഴ പെയ്‌ത കുട്ടനാട്ടിൽ ജലനിരപ്പുയർന്നിട്ടില്ല. അപ്പർകുട്ടനാട്ടിൽ നെല്ല്‌ സംഭരണത്തെ മഴ കാര്യമായി ബാധിച്ചു.
മഴയിലും കാറ്റിലും മരംവീണ്​ മൂന്ന്​ വീട്‌ തകർന്നു. അമ്പലപ്പുഴ തെക്ക്​ പഞ്ചായത്ത്​ 14–-ാം വാർഡിൽ ശശികല അരവിന്ദാഷൻ, മാവേലിക്കര വെട്ടിയാർ മാമ്പള്ളി കിഴക്കേതിൽ സരസ്വതി, കാർത്തികപ്പള്ളി പത്തിയൂർ സന്ദീപ്​ഭവൻ ചന്ദ്രൻ എന്നിവരുടെ വീടുകളാണ്​ തകർന്നത്​. ചന്ദ്രന്റെ വീടിന്​ 80,000 രൂപയും ശശികലയുടെ വീടിന്​ 25,000 രൂപയും നഷ്‌ടം കണക്കാക്കി. വിവിധയിടങ്ങളിൽ റോഡിലേക്ക്​ മരംവീണ്​​ ഗതാഗതം തട​സ​പ്പെട്ടു. ഞായർ പുലർച്ചെ 2.15ന്​ മണ്ണഞ്ചേരി പൊലീസ്​ സ്​റ്റേഷന്‌ സമീപം​ മരംവീണു. രാവിലെ 7.15ന്​ പുന്ന​മട തോട്ടാത്തോട്​ ഭാഗത്ത്​ മരം കടപുഴകി. രണ്ടിടത്തും അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.തോട്ടപ്പള്ളി സ്‌പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും മുഴുവൻ ഷട്ടറും തുറന്ന്​  കൂടുതൽ വെള്ളം ഒഴുക്കിവിട്ട്‌ വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിച്ചു. തോട്ടപ്പള്ളി പൊഴിയിലൂടെ 100 മീറ്റർ വീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. മഴ ശക്തമായാൽ കൂടുതൽ വീതിയിൽ മണ്ണ്‌ നീക്കും. വെള്ളക്കെട്ട്‌ രൂക്ഷമാകാൻ ഇടയുള്ള പ്രദേശത്ത് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്‌. പുനരധിവാസത്തിന് ഉൾപ്പെടെ ക്രമീകരണമൊരുക്കും.  കുട്ടനാട്​ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന്​ ആളുകളെ ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ദുരിതാശ്വാസക്യാമ്പ്‌ അടക്കം തുറക്കേണ്ട സ്‌കൂളുകളും നിശ്ചയിച്ചു​. വിവിധ പ്രവർത്തനങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക് നൽകി. 

കൺ​ട്രോൾ റൂം 
തുറന്നു

ആലപ്പുഴ
മഴ മുന്നറിയിപ്പി​നെത്തുടർന്ന് ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം​ തുറന്നു​. കലക്‌ടറേറ്റ്:​- 0477–-2238630, ടോൾഫ്രീനമ്പർ:- 1077, ചേർത്തല:- 0478–-2813103, അമ്പലപ്പുഴ: -0477–-2253771, കുട്ടനാട്: ​-0477–-2702221, കാർത്തികപ്പള്ളി: -0479–-2412797, മാവേലിക്കര: -0479–-2302216, ചെങ്ങന്നൂർ-: 0479–-2452334

ജില്ലയിൽ പെയ്‍തത് 158.2 മി. മീറ്റർ മഴ

ആലപ്പുഴ
രണ്ട്‌ ദിവസമായി ജില്ലയിൽ ലഭിച്ചത്​ അതിതീവ്രമഴ. ശനി രാവിലെ എട്ടുമുതൽ ഞായർ രാവിലെ എട്ടുവരെ ശരാശരി പെയ്‌തത്‌ 158.2 മി. മീറ്റർ മഴ. 
കൂടുതൽ മഴ ലഭിച്ചത്‌ മങ്കൊമ്പിലെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്‌ –-  ​-115 മി. മീ. മാവേലിക്കര- 108.2, ചേർത്തല- 104, കായംകുളം -75, ഹരിപ്പാട്‌ -42.4 എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ കണക്ക്​. വരുന്ന അഞ്ചുദിവസം കനത്തമഴയുണ്ടാകുമെന്നാണ്‌​ കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.  
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്​. 24 മണിക്കൂറിൽ 115.6 മി.മീറ്റർമുതൽ 204.4 മി.മീറ്റർവരെ മഴ ലഭിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top