08 December Friday
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള

ജോലി നേടി 
1646 പേർ

സ്വന്തം ലേഖകന്‍Updated: Friday Sep 15, 2023
ആലപ്പുഴ
ഉദ്യോഗാർഥികളെയും തൊഴിൽദാതാക്കളെയും ഒരുകുടക്കീഴിൽ എത്തിച്ച്‌ സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി സംഘടിപ്പിച്ച തൊഴിൽമേളകൾ വഴി ഈ വർഷം ജില്ലയിൽ ജോലി ലഭിച്ചത്‌ 1646 പേർക്ക്‌. സംസ്ഥാന തൊഴിൽ വകുപ്പും സംസ്ഥാന സർക്കാരിനു കീഴിലെ കേരള അക്കാദമി ഫോർ സ്കിൽഡ് എക്സലൻസും ചേർന്ന്‌ രൂപീകരിച്ച എംപ്ലോയബിലിറ്റി സെന്ററുകൾ വഴി സ്വകാര്യമേഖലയിലാണ്‌ ഇവർക്ക്‌ തൊഴിൽ ലഭ്യമാക്കിയത്‌. 
തൊഴിൽരഹിതരില്ലാത്ത കേരളമെന്ന ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാഴ്‌ചപ്പാടിന്റെ ഫലമായി 2016ലാണ്‌ എംപ്ലോയബിലിറ്റി സെന്ററുകൾ രൂപീകരിച്ചത്‌. തൊഴിലിനായി രജിസ്റ്റർ ചെയ്യാനും നിയമനം ലഭിക്കാനും രൂപീകരിച്ച സ്ഥാപനമായ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി. ഉദ്യോഗാർഥികളുടെ നൈപുണ്യം വിലയിരുത്തി  തൊഴിൽനൈപുണ്യ പരിശീലനം നടത്തുന്ന കേന്ദ്രങ്ങളാക്കി.  
 സ്വകാര്യമേഖലയിലെ തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ജില്ലയിൽ  എട്ടുവർഷത്തിനിടെ 26 മെഗാ തൊഴിൽമേളകളും 96 തൊഴിൽമേളകളും സംഘടിപ്പിച്ചു. 26,205 ഉദ്യോഗാർഥികളാണ്‌ ജില്ലയിൽ സെന്ററിന്‌ കീഴിൽ രജിസ്റ്റർചെയ്‌തത്‌‌. 24,484 പേർക്ക്‌ നൈപുണ്യവികസന പരിശീലനം നൽകി.  കൂടുതൽ പേർക്ക്‌ തൊഴിൽ ലഭിക്കാൻ ആഴ്‌ചയിൽ മൂന്ന്‌ കമ്പനികളുടെ അഭിമുഖസൗകര്യവും സെന്റർ ഒരുക്കുന്നു. 
തൊഴിൽ വൈദഗ്ധ്യവും യോഗ്യതയുമുള്ള ജീവനക്കാരെ ആവശ്യമുള്ള കമ്പനികളും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തുന്നു.  പ്ലസ് ടു മുതൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക്‌ സെന്ററിൽ തൊഴിലിനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്‌: 0477 2230624
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top