കായംകുളം
റെയിൽവേ മേൽപ്പാല നവീകരണത്തിലൂടെ കെപി റോഡിന്റെ വീതി നഷ്ടമാകുന്നതായി പരാതി. ട്രെയിനുകളുടെ വേഗംകൂട്ടാനാണ് കായംകുളം-–- പുനലൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശങ്ങളും കൂടുതൽ ബലപ്പെടുത്തി നവീകരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ റോഡിന്റെ രണ്ട് മീറ്ററോളം വീതി നഷ്ടമാകും. തിരക്കേറിയ പ്രധാന റോഡിന്റെ വീതി കുറയ്‌ക്കുന്നത് ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരാതി ഉയർന്നു. നിലവിൽ അടിപ്പാതയിലൂടെ രണ്ട് വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുന്നതിനുള്ള സൗകര്യമേയുള്ളൂ.
നവീകരണത്തിലൂടെ വീതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലുള്ളത് കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ വീതി ഇല്ലാതാകുന്നത് ദീർഘകാലാടിസ്ഥനത്തിലുള്ള വികസനത്തെയാണ് ബാധിക്കുക. ദേശീയപാത കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡാണെന്ന പരിഗണന പോലും നൽകിയില്ലെന്നാണ് ആക്ഷേപം. പൊതുമരാമത്ത് വിഭാഗം, നഗരസഭ തുടങ്ങിയ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായ നടപടിയാണ് റെയിൽവേ സ്വീകരിച്ചത്. നിലവിലുള്ള നിർമാണരീതി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ ബാധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി ശശികല പറഞ്ഞു.
മൂന്ന് അടിയിലേറെ വീതി കുറയുമെന്നാണ് കരുതുന്നത്. ഈ നിർമാണം റോഡിൽ വെള്ളക്കെട്ടിന് കാരണമാകും. എ എം ആരിഫ് എംപി മുഖാന്തിരം വിഷയം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തും. വിഷയം കലക്ടർ, പൊതുമരാമത്ത് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തും–- ചെയർപേഴ്സൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..