25 April Thursday

പൊലീസ്‌ സ്‌റ്റേഷനിൽ ജനപ്രതിനിധികൾ 
കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

വീടിനു തീവയ്‍ക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് 
സിപിഐ എം ജനപ്രതിനിധികൾ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കുന്നു

ഹരിപ്പാട്
വീട് തീവയ്‌ക്കാൻ ശ്രമിച്ച ബിജെപിക്കാർക്കെതിരെ പരാതി നൽകാനെത്തിയ യുവതിയെയും പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റിനെയും അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനുമുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
കാർത്തികപ്പള്ളി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ആർ അമ്പിളി, ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ടി ആർ വത്സല, ബ്ലോക്ക് പഞ്ചായത്ത്‌ കമ്മിറ്റി അംഗം ശോഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രണ്ടാം വാർഡ് കൈതച്ചിറയിൽ ചന്ദ്രികയുടെ വീടിന്‌ ശനി രാത്രി പതിനൊന്നോടെ മണ്ണെണ്ണയൊഴിച്ചു തീവയ്‌ക്കാൻ ശ്രമിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസിൽ വിളിച്ച്‌ പരാതി പറഞ്ഞ വീട്ടുകാരോട് ടോൾ ഫ്രീ നമ്പറിൽ വിളിക്കാനാണ് മറുപടി ലഭിച്ചത്. ഞായർ രാവിലെ ചന്ദ്രികയുടെ മകൾ ഇന്ദു, പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ആർ അമ്പിളി എന്നിവർ രേഖാമൂലം പരാതി നൽകാൻ സ്‌റ്റേഷനിലെത്തിയെങ്കിലും പരാതിക്കാർ പറയുന്നത് കേൾക്കാൻ തയ്യാറായില്ല. ആക്രമികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ആർ അമ്പിളിയും ഇന്ദുവും സ്‌റ്റേഷനുമുന്നിൽ കുത്തിയിരുന്നു. വിവരമറിഞ്ഞ്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ അഡ്വ. ടി എസ് താഹ, ആറാട്ടുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സജീവൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, കാർത്തികപ്പള്ളി ലോക്കൽ സെക്രട്ടറി കെ എൻ തമ്പി എന്നിവരടക്കം നിരവധി പാർടി പ്രവർത്തകർ സ്‌റ്റേഷനിലെത്തി.  കായംകുളം ഡിവൈഎസ്‌പി അലക്‌സ്‌ ബേബി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ നൽകിയ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. 
ചന്ദ്രികയുടെ വീടിന്‌ സമീപത്തുകൂടി റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ട്‌ അയൽവാസികളും അവർക്ക്‌ പിന്തുണ നൽകുന്ന ബിജെപി പ്രവർത്തകരുമായി തർക്കം നിലനിന്നിരുന്നു. വീട്ടുകാരെ തീവച്ചുകൊന്നാലും റോഡ്‌ വെട്ടുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് കുടുംബം പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ തൃക്കുന്നപ്പുഴ പൊലീസ് എസ്എച്ച്‌ഒ തയ്യാറായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top