26 April Friday
രോഗം 34 പേർക്ക്

അരുത്‌ സമ്പർക്കം

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020
ആലപ്പുഴ
ആശങ്കയിൽ ഇളവില്ലെങ്കിലും ആലപ്പുഴയ്‌ക്ക്‌ ചൊവ്വാഴ്‌ചത്തെ കണക്കുകളിൽ ആശ്വാസം. രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ജില്ലയിൽ 34 പേർക്കാണ്‌ ചൊവ്വാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച 119 പേർക്കാണ്‌ രോഗം കണ്ടെത്തിയത്‌. അതേസമയം സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരുടെ എണ്ണം കൂടി. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 
ഒരു കോവിഡ് മരണവും റിപ്പോർട്ട്‌ ചെയ്‌തു. ജൂൺ രണ്ടിന് സൗദിയിൽനിന്ന് എത്തി ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുനക്കര നടുവിൽ നൗഫൽ മൻസിലിൽ നസീർ (50) ആണ് മരിച്ചത്. കായംകുളത്തും ചേർത്തലയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു‌. കായംകുളം സ്വദേശിയായ മത്സ്യവ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 14 പേർക്കും ചേർത്തല താലൂക്കിൽ അഞ്ച്‌ പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളിൽ കർശനനിയന്ത്രണം തുടരുകയാണ്‌. കോവിഡ്‌ പരിശോധനയും വ്യാപകമാക്കും. 
 ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്. നാലുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ. രണ്ടുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 
രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്‌ചയും ഉറവിടം കണ്ടെത്താനാകാത്ത രണ്ട്‌ രോഗികൾ ഉണ്ടായിരുന്നു.  ജില്ലയിൽ ആകെ രോ​ഗം ബാധിച്ചവരുടെ എണ്ണം 798 ആയി. 108 പേർക്കാണ്‌ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്‌.  
 ഐടിബിപി ക്യാമ്പിലെ രോഗബാധിതരുടെ എണ്ണം 130 ആയി. സംസ്ഥാന പൊലീസ്‌ മേധാവി ഐടിബിപി ഡയറക്‌ടർ ജനറലിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. 209 സാമ്പിളുകൾ ശേഖരിച്ചു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്‌. ക്യാമ്പിൽ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ കർശനമായി നടപ്പാക്കുമെന്ന് ഡയറക്‌ടർ ജനറൽ അറിയിച്ചു‌. ചൊവ്വാഴ്‌ച 17 പേർ രോ​ഗമുക്തരായി. ചെറിയനാട് പഞ്ചായത്ത്‌ നാലാം വാർഡ്‌ റെസിഡൻഷ്യൽ കണ്ടെയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്‌.  
സമ്പർക്കത്തിലൂടെ 
രോഗം വന്നവർ
രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലെ 14 കായംകുളം സ്വദേശികൾ 
രോഗം സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി.
ഉറവിടം വ്യക്തമല്ലാത്തവർ
37 വയസുള്ള കായംകുളം സ്വദേശി, 50 വയസുള്ള പുന്നപ്ര സ്വദേശി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top