25 April Thursday
പ്രവാസി ഭദ്രത പേള്‍

കരുതലിന്റെ കരംപിടിച്ച്‌ 
പച്ചത്തുരുത്തിലേക്ക്‌

നന്ദു വിശ്വംഭരൻUpdated: Sunday May 15, 2022
ആലപ്പുഴ
പ്രവാസികൾക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘പ്രവാസി ഭദ്രത-- പേൾ' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലയിൽ വിതരണംചെയ്‌തത് രണ്ടുകോടിയോളം രൂപ. 
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽരഹിതരായി എത്തിയവരുടെയും മടങ്ങിപ്പോകാൻ കഴിയാത്തവരുടെയും സമഗ്രപുനരധിവാസം ലക്ഷ്യമിട്ട് നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘പ്രവാസി ഭദ്രത-- പേൾ'. കുടുംബശ്രീ ജില്ലാ മിഷനുകൾ വഴിയാണ് വായ്‍പകളും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത്. 
സൂക്ഷ്‍മ ചെറുകിടസംരംഭങ്ങൾ തുടങ്ങാൻ പദ്ധതിത്തുകയുടെ 75 ശതമാനംവരെ പലിശരഹിത വായ്‍പ നൽകും. രണ്ടുലക്ഷം രൂപവരെയാണ് പരമാവധി വായ്‍പ തുക. ആദ്യഘട്ടത്തിൽ വായ്‍പ തുകയുടെ 50 ശതമാനം തുക ഗുണഭോക്താവിന് നൽകും. അതത് സിഡിഎസുകൾ വഴിയാണ് വിതരണം. സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ നേരിട്ടെത്തി ഉറപ്പാക്കും. ശേഷമാണ് രണ്ടാംഘട്ട തുക അനുവദിക്കുക.
ജില്ലയിൽ 413 അപേക്ഷയാണ്‌ ഇതുവരെ ലഭിച്ചത്. 306 ഗുണഭോക്താക്കൾക്ക് ആദ്യഘട്ടമായി 1,17,72,500 രൂപയും 95 പേർക്ക്‌ 63,60,000 രൂപ രണ്ടാംഘട്ട തുകയും നൽകിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 1,81,32,500 രൂപ വിതരണംചെയ്‌തു. കോവിഡ് കാലത്ത് നാട്ടിലെത്തിയവർക്കാണ് സഹായം. എൽഇഡി നിർമാണകേന്ദ്രം, മത്സ്യവിപണനം, സ്‌റ്റേഷനറിക്കട, മെഡിക്കൽ സ്‌റ്റോറുകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയാണ്‌ പ്രവാസികൾ തുടങ്ങിയത്. 
കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളായവരും കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്‌പ്പെട്ടവരുമായ പ്രവാസികൾ, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സംരംഭങ്ങൾ തുടങ്ങിയവർക്ക് അത്‌ വിപുലീകരിക്കാനും പദ്ധതിയിൽ സഹായം ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top