24 April Wednesday

നേന്ത്രവേലി പാടം വെള്ളത്തിൽ: കർഷകർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

നേന്ത്രവേലിപ്പാടം വെള്ളക്കെട്ടിൽ

മാന്നാർ
വേനൽച്ചൂടിലും 90 ദിവസം പ്രായമായ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി നശിക്കുമ്പോൾ കർഷകർ പ്രതിസന്ധിയിലാണ്. ചെന്നിത്തല പുഞ്ചയിൽ പതിനാലാം ബ്‌ളോക്കിൽ 110 ഏക്കറോളം വരുന്ന നേന്ത്രവേലി പാടത്തെ പകുതിയിലേറെ നെൽകൃഷിയാണ് ഇക്കുറിയും വെള്ളത്തിൽ മുങ്ങിയത്. 
ദുർബലമായ പുറംബണ്ടിലൂടെ അച്ചൻകോവിലാറ്റിൽ നിന്ന്‌ പാടശേഖരങ്ങളിലേക്ക് തള്ളുന്ന വെള്ളം യഥാസമയം പമ്പിങ് ചെയ്ത ഒഴിവാക്കാത്തതാണ്‌ വെള്ളക്കെട്ടിന് കാരണമായത്‌. കാലങ്ങളായി രണ്ടു മോട്ടോർ പുരകളിലായിരുന്നു പമ്പിങ് നടന്നിരുന്നത്. അതിലൊന്ന് പിൻവലിച്ചതോടെ കൃഷിനാശവും തുടങ്ങി. പ്രവർത്തിപ്പിക്കാൻ ആളില്ലാത്തതിനാൽ ആകെയുള്ള ഒരു മോട്ടോറിന്റെ പമ്പിങ്ങും യഥാസമയം നടക്കാറില്ല. പിൻവലിച്ച മോട്ടോർ ചാലിൽനിന്നുള്ള വെള്ളം നിലവിലുള്ള മോട്ടോർ ചാലിൽ ഒഴുകിയെത്തി വരമ്പുകൾ കവിഞ്ഞ് വെള്ളം പാടത്തേക്ക് കയറുകയാണ്‌.
   കൃഷി ഡയറക്ടറും കൃഷി ഓഫീസറും ജനപ്രതിനിധികളുമടക്കം നേരിട്ടെത്തി വെള്ളത്തിൽ മുങ്ങിയ പാടത്തിന്റെ ദുരവസ്ഥ ബോധ്യപ്പെട്ടതാണ്. ആറേക്കറിൽ ലക്ഷങ്ങൾ മുടക്കി കൃഷി നടത്തിയിട്ടും ഇതുവരെ ഒരുമണി നെല്ല് പോലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മേൽപ്പാടം കുന്നേൽ ബിജുകുമാർ പറഞ്ഞു. വർഷങ്ങളായുള്ള കൃഷിനാശത്തിനു ഇതുവരെയും ഒരു നഷ്ടപരിഹാരവും ലഭിക്കാതെ കടത്തിലായ ചക്കിട്ടവേലിൽ ചാക്കോ തന്റെ രണ്ടേക്കറിൽ ഇക്കുറി കൃഷി ഇറക്കിയില്ല.
  കൽകെട്ട് നിർമിച്ച് ചാലുകളുടെ ഇരുവശവും ബലപ്പെടുത്തുകയും പിൻവലിച്ച മോട്ടോർ പുനഃസ്ഥാപിച്ച് ഇരുമോട്ടോറുകളും വേണ്ടവിധം പമ്പിങ് നടത്തുകയും ചെയ്‌താൽ കൃഷി നശിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച്  മുഖ്യമന്ത്രി, കൃഷിമന്ത്രി, സ്ഥലം എംഎൽഎയും മന്ത്രിയുമായ സജി ചെറിയാൻ, കലക്ടർ എന്നിവർക്കെല്ലാം പരാതികൾ നൽകി കാത്തിരിക്കുകയാണ് കർഷകർ. ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ ജില്ലാ പുഞ്ച സ്‌പെഷ്യൽ ഓഫീസർക്ക് കത്ത് കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top