20 April Saturday

ചൂട്‌: കറവമാടുകളെ കരുതണേ...

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
ആലപ്പുഴ
കറവമാടുകളെ അത്യുഷ്ണത്തിൽനിന്നും രക്ഷിക്കാൻ  മൃഗസംരക്ഷണ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കി. നിർജ്ജലീകരണം തടയാനും പാൽ ഉൽപ്പാദനനഷ്ടം ഒഴിവാക്കാനും പശുക്കൾക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം നൽകണം. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടർ ബൗൾ സംവിധാനം തൊഴുത്തിൽ സജ്ജമാക്കിയാൽ ആവശ്യാനുസരണം എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. തണുത്ത വെള്ളം ഉറപ്പുവരുത്താൻ പശുക്കൾക്കായുള്ള കുടിവെള്ളം സംഭരിക്കുന്ന ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. വായൂസഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കണം. മേൽക്കൂര വെള്ളപൂശുന്നത് തൊഴുത്തിലെ ചൂടുകുറയ്‌ക്കും. രാവിലെ ഒമ്പതുമുതൽ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്ത് കെട്ടിയിടരുത്‌. വളർത്തുമൃഗങ്ങളുടെ യാത്ര രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലേക്കായും പരിമിതപ്പെടുത്തണം. മൊത്തം തീറ്റ ഒറ്റസമയത്ത് നൽകുന്നതിന് പകരം വിഭജിച്ച് പല തവണകളായി നൽകണം. ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലതീറ്റകളും പകൽ ധാരാളം നൽകണം. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാകാനിടയുള്ള ജീവകം എ-യുടെ അപര്യാപ്തത പരിഹരിക്കാനായി ജീവകം എ അടങ്ങിയ മിശ്രിതങ്ങൾ പശുക്കൾക്ക് (30 മില്ലിലീറ്റർ വീതം മീനെണ്ണ ഇടവിട്ട ദിവസങ്ങളിൽ) നൽകണം. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. അരുമകളായ നായകൾ, പൂച്ചകൾ,കിളികൾ എന്നിവയെ ചൂടിൽ കാറിൽ അടച്ചിട്ട് പോകരുത്. സൂര്യാഘാതമുണ്ടായാൽ വെള്ളം നനച്ച് നന്നായി തുടയ്ക്കാനും , ധാരാളം വെള്ളം കുടിപ്പിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി എസ്‌ ബിന്ദു അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top