30 May Tuesday

ലഹരിസംഘ തലവനും കൂട്ടാളിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
ചാരുംമൂട്
രണ്ടുകിലോ കഞ്ചാവുമായി ലഹരി മരുന്ന് സംഘത്തലവനും കൂട്ടാളിയും അറസ്റ്റിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജുഖാൻ (40), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനം ഗോപകുമാർ (40) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം വൈകിട്ട്​ ആറിന് നൂറനാട്​ പൊലീസ്​ പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറിൽ വിൽക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി ഇരുവരും പിടിയിലാകുകയായിരുന്നു. പൊലീസിനെ കണ്ട് കഞ്ചാവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. കുറച്ചുനാൾ മുമ്പ് വരെ ചാരുംമൂട് കിഴക്ക് ഭാഗത്ത് കനാലിന്റെ പുറമ്പോക്കിൽ അനധികൃതമായി തട്ടുകട നടത്തി കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഷൈജുഖാൻ. മാവേലിക്കര എക്സൈസ് കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്​തതോടെയാണ്​ ഷൈജുഖാനെക്കുറിച്ച്​ വിവരംകിട്ടിയത്​. തുടർന്ന് ഒളിവിൽ പോയ ഇയാൾ കോടതിയിൽ കീഴടങ്ങി. ഇതിനിടയിൽ അനധികൃതമായി പ്രവർത്തിച്ച തട്ടുകട പഞ്ചായത്ത് അധികൃതർ പൊലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ പൊളിച്ചു മാറ്റി. ഷൈജുഖാന്റെ തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതോടെ ഗോപകുമാറുമായി ചങ്ങാത്തം സ്ഥാപിച്ചു.
ഉത്സവ സീസണുകളിൽ ക്ഷേത്രപരിസരങ്ങളിൽ ഐസ്ക്രീം കച്ചവടം നടത്തുന്നയാളാണ്​ ഗോപകുമാർ. തുടർന്ന് ഇരുവരും ചേർന്ന് ഉത്സവപ്പറമ്പുകളിൽ ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ​ കഞ്ചാവ് വിൽപന നടത്തിയിരുന്നു.  കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളിൽ വിൽപനക്കായി സ്കൂട്ടറിൽ കഞ്ചാവുമായി പോകുന്നതിനിടെയാണ്​ പിടിയിലായത്​.  
ഷൈജുഖാൻ നിരവധി ഗുണ്ട ആക്രമണങ്ങളിലും പ്രതിയാണ്. പ്രതികൾ കഞ്ചാവ് വിൽപ്പനക്ക്‌ കൊണ്ടുവന്ന സ്കൂട്ടറും കണ്ടെടുത്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ്‌‌ ചെയ്തു. സി ഐ പി ശ്രീജിത്ത്​, എസ്ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജീവ്‌, പുഷ്പൻ, സിപിഒ മാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top