20 April Saturday

വാക്കു പറഞ്ഞു, എല്ലാം ഓക്കെയാക്കി

കെ എസ്‌ ഗിരീഷ്‌Updated: Friday Jan 15, 2021
ആലപ്പുഴ
നാടിന്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ. കഴിഞ്ഞ ബജറ്റിൽ മന്ത്രി ടി എം തോമസ് ഐസക് ജില്ലയ്‌ക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ ഇനി പൂർത്തിയാകാനുള്ളത്‌ വിരലിലെണ്ണാവുന്നത്‌ മാത്രം. പുതിയ മുന്നേറ്റത്തിന്‌ കാതോർത്ത്‌ ആലപ്പുഴക്കാർ. 
 ഓങ്കോളജി പാർക്ക്‌,   വ്യവസായ സ്ഥാപനങ്ങളുടെ വികസനം, കയർമേഖലയുടെ ഉന്നമനം, മെ​ഗാ സീഫുഡ് പാർക്ക്‌, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വിശപ്പുരഹിത ഭക്ഷണശാല തുടങ്ങിയവയൊക്കെ പ്രാവർത്തികമാക്കി. എസി റോഡ്‌ നവീകരണം പുരോഗമിക്കുന്നു. 
രണ്ടാം കുട്ടനാട്‌ പാക്കേജിനുള്ള തുക 2400 കോടി രൂപയായായി വർധിപ്പിച്ചു. ജലഗതാഗതരംഗത്തും പൈത‌ൃക പദ്ധതിയിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കി. 
കെഎസ്‌ഡിപി 
കെഎസ്‌ഡിപി വികസനത്തിന്റെ ഭാഗമായാണ്‌ ഓങ്കോളജി പാർക്ക് അനുവദിച്ചത്‌. കുറഞ്ഞ വിലയ്‌ക്ക്‌ ക്യാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകൾ ലഭ്യമാക്കുന്നു. ക്യാൻസർ മരുന്ന്‌ ഗവേഷണവും നടക്കും. 
മറ്റ്‌ കമ്പനികൾക്കും സാങ്കേതികസഹായം ലഭ്യമാക്കും. 50 കോടിയാണ്‌ പാർക്കിനായി‌  ലഭ്യമാക്കിയത്‌. പാർക്ക്‌ ഇൻജക്‌ഷൻ പ്ലാന്റ്‌ കെട്ടിടത്തിന്റെ നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയായി. 
ഡിസംബറിൽ ഉദ്‌ഘാടനംചെയ്യാനിരുന്ന പദ്ധതിക്ക്‌ കോവിഡാണ്‌ തിരിച്ചടിയായത്‌. അവയവമാറ്റം നടത്തിയവർക്കുള്ള മരുന്നുകളും കെഎസ്‌ഡിപിയിൽ ഉൽപ്പാദിപ്പിക്കും
 

ഓട്ടോകാസ്‌റ്റ്‌  

ചേർത്തല ഓട്ടോകാസ്‌റ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക്‌ കാസ്‌നബ് ബോഗികൾ നൽകുന്നതിന് പിന്നാലെ മാരുതി വാഹനങ്ങൾക്കായി ബ്രേക്കും നൽകുന്ന പദ്ധതി തുടങ്ങി. 20 കോടിയാണ്‌ ഓട്ടോകാസ്‌റ്റിന്‌ അനുവദിച്ചത്‌. 
 

സ്‌പിന്നിങ്‌ മില്ലുകൾ ഉണർന്നു

സ്‌പിന്നിങ്‌ മില്ലുകൾക്കുള്ള 38.8 കോടിയിൽ കോമളപുരം ഉൾപ്പെടെയുള്ള മില്ലിനും സഹായം അനുവദിച്ചിരുന്നു. കോമളപുരത്ത്‌ ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചു. രണ്ട്‌ തരം മാസ്‌ക്‌ നിർമാണം തുടങ്ങി. അങ്കണവാടി ടീച്ചർമാർക്കുള്ള ഓവർകോട്ടും കോമളപുരത്തുനിന്ന്‌ നൽകുന്നു. ആലപ്പുഴ സ്‌പിന്നിങ് മില്ലും നവീകരിച്ചതോടെ പ്രവർത്തനം പൂർണതോതിലായി.
എസി റോഡ്‌ നവീകരണം
എസി റോഡ്‌ നവീകരണത്തിന്‌ 450 കോടിയാണ് ബജറ്റിൽ‌ അനുവദിച്ചത്‌. എലിവേറ്റഡ്‌ ഹൈവേയടക്കമുള്ള പാത നിർമാണത്തിനുള്ള പുതുക്കിയ എസ്‌റ്റിമേറ്റ്‌‌  672 കോടി രൂപയാണ്‌. 30 മാസത്തിനകം പൂർത്തീകരിക്കുന്ന പദ്ധതി ഒക്‌ടോബർ 12ന് മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു. നിർമാണത്തിന്‌ ‌മുന്നോടിയായി സർവേയും മറ്റും പുരോഗമിക്കുന്നു.
 

കയറിനെയും കരകയറ്റി

ഉൽപ്പാദനം, സംഭരണം, വിപണനം തുടങ്ങിയ മേഖലകളിൽ സമഗ്രമായ‌ നവീകരണമാണ്‌ കയർ മേഖലയിൽ നടപ്പാക്കിയത്‌. രണ്ടാം കയർ പുനഃസംഘടനയാണ് കയറിനെ കരകയറ്റിയത്‌. 40,000 ടൺ എന്ന വാർഷിക ഉൽപ്പാദന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്‌. 
സംസ്ഥാനത്തെ 100 സംഘങ്ങളിൽ ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌ മെഷീൻ സ്ഥാപിച്ചു. പെൻഷൻ പറ്റിയ കയർ തൊഴിലാളികളെയും സർക്കാർ ഒപ്പം ചേർത്തുനിർത്തി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. അഞ്ച്‌ വർഷത്തിനിടെ 900 രൂപ വർധിപ്പിച്ചു. ‌
 

വാട്ടർ ടാക്‌സിയും വേഗയും

ജല​ഗതാ​ഗതത്തിന്‌ 29 കോടിയാണ്‌ ബജറ്റിൽ അനുവദിച്ചത്‌. റോ–-റോ സർവീസ്‌, വാട്ടർ ടാക്‌സി, അതിവേഗ ബോട്ട്‌ എന്നിവയുമായി ജലഗതാഗതവകുപ്പ്‌ കുതിച്ചു. റോൾ ഓൺ റോൾ ഓഫ് (റോ–-റോ) സർവീസിന്റെ ബോട്ട് നിർമാണത്തിന് അനുമതിയായി. വാട്ടർ ടാക്‌സി, അതിവേഗ എസി ബോട്ട് വേഗ 2 എന്നിവ സർവീസ്‌ ആരംഭിച്ചു.

മൊബിലിറ്റി ഹബ്‌

1.06 കോടി രൂപയുടെ കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബിന്റെ നിർമാണത്തിന്‌ ഫെബ്രുവരിയിൽ കല്ലിടും. പാരിസ്ഥിതികാനുമതി അടുത്തിടെയാണ്‌ പദ്ധിക്ക്‌ ലഭിച്ചത്‌.
പൈത‌ൃക പദ്ധതി
ആലപ്പുഴയുടെ തനിമ തിരികെപ്പിടി‌ക്കാൻ 13 ഇന പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ഇതിൽ  മൂന്ന് പൈത‌ൃക മ്യൂസിയങ്ങൾ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുകയാണ്‌.
 

തോട്ടപ്പള്ളി സ്‌പിൽവേ 

തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക്‌ 280 കോടിയാണ്‌ അനുവദിച്ചത്‌. കുട്ടനാടിനെ പ്രളയത്തിൽനിന്ന്‌ രക്ഷിക്കാനായി സ്‌പിൽവേയുടെ ആഴവും വീതിയും കൂട്ടി. ഇതോടെ വെള്ളപ്പൊക്കത്തിൽനിന്ന്‌ ഇത്തവണ ജനങ്ങളെ രക്ഷിക്കാനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top