19 April Friday

ചെന്നിത്തലയുടെ 
നേതാവ്‌ മോഡി

പ്രത്യേക ലേഖകൻUpdated: Friday Jan 15, 2021
 
ചെങ്ങന്നൂർ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതാവിപ്പോൾ നരേന്ദ്ര മോഡിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. 
     കർഷക– തൊഴിലാളിവിരുദ്ധ നിയമവുമായി മുന്നോട്ടു പോകുന്ന  ബിജെപി സർക്കാരിനെ വെള്ളപൂശുന്ന യുഡിഎഫ് മോഡിക്കെതിരെ ശബ്‌ദിക്കുന്നില്ല. 
 എംഎൽഎയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ രാമചന്ദ്രൻനായർ അനുസ്‌മരണ സമ്മേളനം‌ ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും കാലം ബിജെപിയുമായി യുഡിഎഫിന്  രഹസ്യവോട്ടുകച്ചവടമായിരുന്നെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പരസ്യമായി കൂട്ടുകച്ചവടമാകും. ഇത്തരം അധാർമിക കൂട്ടുകെട്ടുകളെ ജനങ്ങൾ എന്നും തള്ളിക്കളഞ്ഞിട്ടേയുള്ളു. തോറ്റിട്ടും  ചെന്നിത്തല പരാജയം അംഗീകരിച്ചിട്ടില്ല. 
 പാവങ്ങൾക്കും അശരണർക്കും വേണ്ടി പ്രവർത്തിച്ച എൽഡിഎഫ്  സർക്കാർ തുടർഭരണത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയിൽപ്പോലുമില്ലാത്ത സൗജന്യ ചികിത്സയും അത്യാധുനിക വിദ്യാഭ്യാസ സംവിധാനങ്ങളുമാണ് കേരളത്തിൽ. പ്രകടനപത്രികയ്‌ക്ക് വിലയുണ്ടെന്ന് തെളിയിച്ച സർക്കാരിനാണ് പിണറായി നേതൃത്വം കൊടുക്കുന്നത്. ഇപ്പോൾ ചെന്നിത്തല ‘കരട് പത്രിക'യുമായി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണ്. 
 ഇടതുപക്ഷം ദുർബലമാണെന്ന ധാരണയിലാണ് മോഡി തൊഴിൽ , കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. പാർലമെന്റിനെ നിശബ്‌ദമാക്കിയതുകൊണ്ട് ജനങ്ങളെ നിശബ്‌‌ദമാക്കാനാകില്ലെന്ന് അവർക്ക് മനസിലായി. ഭക്ഷണം നൽകേണ്ടത് റിലയൻസും അംബാനിമാരും വാൾ മാർട്ടുമല്ല പകരം കർഷകരും സർക്കാരുമാണ്. 
   കർഷക സമരത്തിന്റെ കരുത്ത് കോടതിക്കും ബോധ്യപ്പെട്ടു.  ജനാധിപത്യ–നവോത്ഥാന  മൂല്യങ്ങൾക്കായുള്ള സമരം തുടരണം–-  വിജയരാഘവൻ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എം എച്ച് റഷീദ് വിജയരാഘവനെ പൊന്നാടയണിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top