20 April Saturday

ഹൃദയഹാരിയായ്

കെ എസ്‌ ഗിരീഷ്‌Updated: Tuesday Mar 14, 2023

മാവേലിക്കരയിലെ സ്വീകരണകേന്ദ്രത്തിലേക്ക് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ തുറന്ന വാഹനത്തിൽ എത്തുന്നു

ആലപ്പുഴ
അപൂർണമായ കരങ്ങളിൽ അഭൗമമായ സംഗീതം പൊഴിച്ച്‌ കായംകുളത്തെ സ്വീകരണ കേന്ദ്രത്തിൽ മുഹമ്മദ് യാസിൻ  കീബോർഡിൽ തീർത്ത നാദവിസ്‌മയം. നൂലിൽ തീർത്ത മനോഹര ചിത്രവും കെട്ടുകാഴ്ചയുടെ മാതൃകകളുമായി ചാരുംമൂട്‌.  പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും നാടൻപാട്ടിൽ  ഇളകി മറിഞ്ഞ്‌ ചെങ്ങന്നൂർ. ഓരോ സ്വീകരണ കേന്ദ്രത്തിലും വൻജനാവലി. ക്യാപ്റ്റൻ എം വി ഗോവിന്ദന്റെയും ജാഥാംഗങ്ങളുടെയും പ്രസംഗം അവർ ശ്രദ്ധയോടെ കേട്ടു. സമരസജ്ജമാക്കി മുന്നോട്ട്‌. സിപിഐ എം ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ രണ്ടാം ദിനവും ഹൃദയഹാരിയായി മാറിയത് ഇങ്ങനെ.
തിങ്കളാഴ്‌ച രാവിലെ ആലപ്പുഴയിൽ പൗരപ്രമുഖരുമായി ആശയവിനിമയത്തോടെയായിരുന്നു തുടക്കം. തുടർന്ന് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ, മാനേജർ പി കെ ബിജു, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
ദേശീയപാതയുടെ ഓരങ്ങളിലുയർന്ന ചെങ്കൊടിയുടെ അകമ്പടിയിൽ ജാഥാ ക്യാപ്റ്റൻ ആദ്യസ്വീകരണ കേന്ദ്രമായ കായംകുളം എൽമെക്സ്  മൈതാനത്തെത്തി. ആവേശക്കടലിലേക്ക് ക്യാപ്റ്റൻ ഇറങ്ങിയതോടെ ജനസാഗരം ഇരമ്പിയാർത്തു. പിന്നെ പ്രസംഗം. വിവിധ കലാപരിപാടികളും ഉണ്ടായി. സ്വാഗതസംഘം ചെയർമാൻ എ മഹേന്ദ്രൻ അധ്യക്ഷനായി. കത്തുന്ന വെയിൽ കൂസാതെ ചാരുംമൂട് ജങ്ഷനിൽ മാവേലിക്കര മണ്ഡലത്തിലെ ആയിരങ്ങൾക്ക്  ആവേശംപകർന്ന് പ്രസംഗം. മാന്നാറിലെ ഓട്ടുരുളിയടക്കം സമ്മാനിച്ച് സ്വീകരണം. സ്വാഗതസംഘം ചെയർമാൻ ജി ഹരിശങ്കർ അധ്യക്ഷനായി.
ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ട് ആയിരുന്നു ജില്ലയിലെ സമാപന സ്വീകരണ കേന്ദ്രം. ക്യാപ്റ്റൻ വന്നതും ജനസമുദ്രം ഇളകിയാർത്തു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ഒരു വർഷം ഒരു ലക്ഷം പദ്ധതിയിൽ ആധുനിക ഇലക്ട്രിക്കൽ ഉപകരണ നിർമാണ യൂണിറ്റ് സ്പിൻ ടെകിൽ നിർമിച്ച ട്യൂബ് ലൈറ്റ് ഗോപു വി നമ്പൂതിരി എം വി ഗോവിന്ദന് കൈമാറി.
മന്ത്രി സജി ചെറിയാൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു,  എ എം ആരിഫ് എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് അരുൺകുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
അണമുറിയാതെ ഒഴുകിയെത്തുന്ന ജനാവലിയുടെ ആവേശത്തില്‍ ജാഥ തിങ്കളാഴ്ച വൈകിട്ട് പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ ആറാട്ടുകടവില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം എന്നിവർ ചേര്‍ന്ന് മലയോര ജില്ലയിലേക്ക് വരവേറ്റു. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. റാന്നി ഇട്ടിപ്പാറ ടൗണ്‍ ബസ്സ്റ്റാന്‍ഡിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top