25 April Thursday

"ആരെയും വഴിയാധാരമാക്കില്ല'

പ്രത്യേക ലേഖകൻUpdated: Friday Jan 14, 2022
ആലപ്പുഴ
ഒരാളെയും ഈ സർക്കാർ വഴിയാധാരമാക്കുകയില്ല, ആരും അനാഥരാകുകയുമില്ല–- മന്ത്രി സജി ചെറിയാന്റെ വാക്കുകൾ നിറഞ്ഞമനസോടെ സദസ്‌ ഏറ്റുവാങ്ങി. കെ റെയിൽ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പങ്കുവയ്‌ക്കാനും ചേർന്ന ‘സിൽവർലൈൻ ജനസമക്ഷത്തിൽ’ സർക്കാർ നൽകിയ ഉറപ്പും ഇതുതന്നെ, ആരും വഴിയാധാരമാകില്ല, അനാഥരും. 
 ആലപ്പുഴ എസ്‌ഡിവി സെന്റിനറി ഹാളിൽ നടന്ന ജനസമക്ഷത്തിൽ നൂറനാട്ടുകാരൻ രവികുമാറിന്റെ സംശയത്തിനാണ്‌ ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ഈ മറുപടി പറഞ്ഞത്‌. സിൽവർ ലൈൻ കടന്നുപോകുന്ന നൂറനാട്ടിൽ കുടിയൊഴിപ്പിക്കലിനെക്കുറിച്ചാണ്‌ രവികുമാർ സംശയം ഉന്നയിച്ചത്‌. അലൈൻമെന്റ്‌ മാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ട്‌. ഇതെല്ലാം പരിഗണിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന്‌ മന്ത്രി പറഞ്ഞു. 
പരിപാടിയിൽ ജനങ്ങളുടെ പ്രതിനിധിയായി പങ്കെടുത്തവരെല്ലാം കെ റെയിൽ കേരളത്തിന്‌ അനിവാര്യമാണെന്ന്‌ ഏകസ്വരത്തിൽ പ്രഖ്യാപിച്ചു. ഇത്‌ ഭാവി കേരളത്തിന്റെ പദ്ധതിയാണ്‌. 
ആശങ്കകൾ ദുരീകരിച്ച്‌ സർക്കാർ ധീരമായി മുന്നോട്ടുപോകണം–- അവർ പറഞ്ഞു. പദ്ധതിയോടുള്ള എതിർപ്പ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും ഉയർന്നു.
സമയകൃത്യത, ചിട്ട, സംഘാടന മികവ്‌–- ജനസമക്ഷത്തിന്റെ പ്രത്യേകത ഇവ. പകൽ 10.30ന്‌ തന്നെ പരിപാടി തുടങ്ങി. 12.30ന്‌ അവസാനിച്ചു. സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചവർക്കൊക്കെ അവസരം നൽകി. ഉന്നയിച്ച ചോദ്യങ്ങൾക്കൊക്കെ കൃത്യമായ മറുപടിയും നൽകി. മന്ത്രി സജി ചെറിയാനും കെ റെയിൽ എം ഡി വി അജിത്‌‌കുമാറുമാണ്‌ മറുപടി നൽകിയത്‌. 
കൃഷിമന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കെ റെയിൽ എം ഡി വി അജിത്‌‌കുമാർ പദ്ധതി വിശദീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എ എം ആരിഫ് എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, യു പ്രതിഭ, ദെലീമ, എം എസ് അരുൺകുമാർ,  തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, കലക്‌ടർ എ അലക്‌സാണ്ടർ, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, കെഎസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, ആർ രാജേഷ്, ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ -റെയിൽ പ്രോജക്‌ട്‌ ആൻഡ്‌ പ്ലാനിങ്‌ ഡയറക്‌ടർ പി ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി കേശവചന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top