19 April Friday
2 മരണം

മഴദുരിതം

സ്വന്തം ലേഖകന്‍Updated: Wednesday Oct 13, 2021

തേവേരി തണ്ടപ്ര പാടത്ത്‌ വിളവെടുപ്പിന് പാകമായ നെൽച്ചെടികൾ മഴയിൽ നിലംപൊത്തിയപ്പോൾ

ആലപ്പുഴ
ശക്തമായ മഴ തുടരുന്ന ജില്ലയിൽ കെടുതിയും രൂക്ഷമാകുന്നു. കുട്ടനാട്‌, അപ്പർ കുട്ടനാട്‌ മേഖലകളിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടായി. കടക്കരപ്പള്ളിയിൽ വയോധികൻ വീട്ടിലേക്ക്‌ നടക്കുമ്പോഴും ഭരണികാവിൽ യുവാവ്‌ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതിയും വെള്ളക്കെട്ടിൽവീണുമരിച്ചു. 
ശക്തമായ കാറ്റിൽ മരങ്ങൾ മറിഞ്ഞുവീണ്‌‌ പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. പമ്പാനദിയിലും അച്ചൻകോവിലാറുകളിലും  ജലനിരപ്പ് ഉയർന്നു. തോടുകളും കൈത്തോടുകളും നിറഞ്ഞുകവിഞ്ഞു. ചെറുതനയിലെ  തേവേരി -തണ്ടപ്ര പാടത്ത്‌  നെൽച്ചെടികൾ വെള്ളത്തിലായി. 

  ഒറ്റ ദിനം പെയ്‌തത്‌  42.4 മില്ലീമീറ്റർ  

24 മണിക്കൂറിനുള്ളിൽ 42.4 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. തലേന്നത്തേക്കാൾ 9.09 എംഎം കൂടുതലാണിത്‌. മവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലാണ്‌ വീടുകൾ തകർന്നത്‌.  ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. തോടുനികത്തിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടായി. നീരൊഴുക്ക്‌ സുഗമമാക്കിയ തോടുകളുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. മഴയും വെള്ളക്കെട്ടും സ്‌കൂൾ ശുചീകരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.  എസി റോഡിൽ ഒന്നാംകര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി എന്നവിടങ്ങളിൽ വെള്ളം കയറി. വേലിയേറ്റ സമയത്ത്‌ കുട്ടനാടിന്റെ പല പ്രദേശങ്ങളിലും വെളളം കയറുന്നുണ്ട്‌. പുഞ്ചകൃഷിക്ക്‌ പമ്പിങ്‌ നടക്കുന്നതിനാൽ പാടശേഖരങ്ങളുടെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നില്ല. തോട്ടപ്പള്ളി പൊഴി തുറന്നതിനാൽ  തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്‌ പഞ്ചായത്തുകളിലെ കായലിനോട്‌ ചേർന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്‌. ചേപ്പാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പുളവൻ തോട് ഒഴുക്ക് തടസപ്പെട്ട് കരകവിഞ്ഞു. മൂന്ന് വാർഡുകളിലെ താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.  മാന്നാർ, ചെന്നിത്തല എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top