02 July Saturday

അച്ഛാ, ഉത്തരം തെറ്റിക്കല്ലേ...

നന്ദു വിശ്വംഭരൻUpdated: Friday May 13, 2022

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടന്ന കലാസന്ധ്യയിൽ പിന്നണി ഗായിക കെ എസ് മനീഷയും സംഘവും അവതരിപ്പിച്ച ഓള്‍ഡ് ഈസ് ഗോൾഡ് ഗാനമേള

 
ആലപ്പുഴ
നിങ്ങളുടെ മക്കളുടെ ഇഷ്‍ട ഭക്ഷണം ഏതാണ്?, ഇഷ്‍ട വസ്‍ത്രം?, അടുത്ത കൂട്ടുകാർ?. ഇതിനൊക്കെ ഉത്തരമറിയാമോ?. മക്കളുടെ ആ​ഗ്രഹങ്ങളും ഇഷ്‍ടങ്ങളും നന്നായി മനസിലാക്കുന്ന അച്ഛനോ അമ്മയോ ആണോ നിങ്ങളെന്നറിയാൻ ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദർശന- വിപണനമേളയിലെത്തിയാൽ മതി. ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ സ്‌റ്റാളിലാണ് ചോദ്യാവലിയിലൂടെ മക്കളുടെ അഭിരുചികളോട് ചേർന്നു നിൽക്കുന്ന മാതാപിതാക്കളെ കണ്ടെത്തുന്നത്. 
  മക്കൾ എത്ര മണിക്കാണ് സ്‍കൂളിൽ പോകുന്നത്. എപ്പോൾ ഉറങ്ങും, ഉണരും, എത്രനേരം ഫോൺ ഉപയോ​ഗിക്കും, ക്ലാസ് ടീച്ചർ, വിശ്വാസമുള്ള വ്യക്തി, ഇഷ്‍ടപ്പെട്ട കളി, വിനോദം തുടങ്ങി മക്കളുമായി ബന്ധപ്പെട്ട ഒരുപിടി ചോദ്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവയ്‍ക്കെല്ലാം കുട്ടികൾക്ക് ഒരു ഉത്തരമുണ്ട്, അത് മാതാപിതാക്കൾക്കും അറിയുമോ എന്നാണ് ചോദ്യങ്ങളിലൂടെ നോക്കുന്നത്. മേള കാണാനെത്തുന്ന നിരവധി കുട്ടികളും രക്ഷിതാക്കളും ചോദ്യാവലി പൂരിപ്പിച്ചു നൽകുന്നുണ്ട്. 
ആകെ 21 ചോദ്യങ്ങളുണ്ട്. പൂജ്യം മുതൽ ഏഴുവരെ മാർക്ക് കിട്ടുന്നവർക്ക് ഓറഞ്ച് കാർഡ്. ഈ വിഭാഗത്തിൽ വരുന്ന മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കുട്ടികളെ അടുത്തറിയാനും അവർക്കൊപ്പം സമയം ചെലവിടാനും ശ്രമിക്കണം. എട്ടു മുതൽ 14 വരെ മാർക്ക് കിട്ടുന്നവർക്ക് മഞ്ഞക്കാർഡാണ്. ഇവർ ഭേദപ്പെട്ട നിലയിൽ കുട്ടികളെ മനസിലാക്കുന്നവരാണ്. 14ന് മുകളിൽ മാർക്ക് നേടുന്ന മാതാപിതാക്കൾ കുട്ടികളെ അടുത്തറിയുന്നവരാണ്. അവർക്ക് നിലവിലെ സ്ഥിതിയിൽ മുന്നോട്ടു പോകാം.
 ചിരട്ട, തൂവൽ, പേപ്പർ എന്നിവ ഉപയോഗിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലെ കുട്ടികൾ നിർമിച്ച കരകൗശല വസ്‌തുക്കളുടെ പ്രദർശനവും വിപണനവും സ്‌റ്റാളിൽ ഒരുക്കിയിട്ടുണ്ട്. വിദേശികളടക്കം നിരവധി പേർ ഇവ വാങ്ങുന്നു. കുട്ടികൾക്ക് നേരെയുണ്ടാക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും ഇവിടെ നൽകാം. 16 വരെ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് മേള.

നൊസ്‍റ്റാള്‍‌ജിക് ഈവ്

ആലപ്പുഴ
തലമുറകൾ ഹൃദയത്തിലേറ്റിയ മധുരഗാനങ്ങളുമായി പിന്നണി ഗായിക കെ എസ് മനീഷയും സംഘവും ആസ്വാദകരുടെ മനം കവർന്നു. ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന-വിപണനമേളയോടനുബന്ധിച്ചാണ് വ്യാഴം വൈകിട്ട് നൊസ്റ്റാൾജിക് മ്യൂസിക് ബാൻഡ് അരങ്ങേറിയത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം, ഹിന്ദി, തമിഴ് സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു ഏറെയും. 
പ്രായഭേദമെന്യേ വൻ ജനാവലി സംഗീതവിരുന്ന് ആസ്വദിക്കാനെത്തി. വെള്ളി വൈകിട്ട് ഏഴിന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുമേള അരങ്ങേറും.

കാർഷിക വെെവിധ്യം
സെമിനാർ

ആലപ്പുഴ
എന്റെ കേരളം പ്രദർശന- വിപണനമേളയിൽ കാർഷിക മേഖലയും ഉൽപ്പന്ന വൈവിധ്യവൽക്കരണവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. കൃഷി വകുപ്പിന്റെ  സെമിനാറിൽ സെന്റ് ഗിറ്റ്‌സ് കോളേജ് സീനിയർ പ്രൊഫസർ ഡോ. കെ എ അ‍ഞ്ജു വിഷയം അവതരിപ്പിച്ചു. മൂല്യവർധിത ഉൽപ്പന്ന നിർമാണം, വിപണന സാധ്യത തുടങ്ങിയവ വിശദീകരിച്ചു.  
 കർഷകർക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പലിശ രഹിത വായ്‌പ സബ്സിഡി തുടങ്ങിയവയെക്കുറിച്ച് നബാർഡ് കൺസൾട്ടൻസി സോണൽ കോ-–-ഓർഡിനേറ്റർ അശ്വതി മോഹൻ വിശദമാക്കി.  തൃക്കുന്നപ്പുഴ കൃഷി ഓഫീസർ എസ് ദേവിക മോഡറേറ്ററായി. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ രമാദേവി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്‌ടർ മേഴ്‌സി എന്നിവർ സെമിനാറിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top