24 April Wednesday

പുലിമുട്ട് നിര്‍മാണം വേ​ഗത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു

ആലപ്പുഴ
കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, പുന്നപ്ര തീരപ്രദേശങ്ങളിലെ ആധുനിക പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. ആറെണ്ണം പൂർത്തിയായി. കോമന മുതൽ പുന്നപ്ര വരെ 5.4 കിലോമീറ്റർ നീളത്തിൽ 30 പുലിമുട്ടും 345 മീറ്റർ കടൽഭിത്തിയും നിർമിക്കുന്നതിനായി കിഫ്ബിയിൽനിന്ന് 54 കോടി രൂപയാണ് അനുവദിച്ചത്. മഴക്കാലത്ത്‌ അധികജലം ഒഴുകിപ്പോകുന്നതിന് നിലവിലുള്ള പൊഴിച്ചാലിന് തടസം വരാത്ത വിധമാണ് പുലിമുട്ടുകളുടെ നിർമാണം. കോൺക്രീറ്റ് ചെയ്‍ത് നിർമിക്കുന്ന  ടെട്രാപോഡുകളിൽ രണ്ട്, അഞ്ച് ടൺ വീതം ഭാരമുള്ളവയുണ്ട്. ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റർ അകലമുണ്ടാകും. കടലിലേക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് പുലിമുട്ട് നിർമിക്കുന്നത്. മൂന്ന് തട്ടുകളിലായി പല വലിപ്പമുള്ള കരിങ്കല്ലുകൾപാകി അതിനു മുകളിൽ രണ്ട് തട്ടിൽ ടെട്രാപോഡുകൾ സ്ഥാപിക്കും. കരയിൽനിന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്‌ക്കാനും തീരം നഷ്‌ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും. ഇതുവഴി കൂടുതൽ മണൽ അടിഞ്ഞ് സ്വാഭാവിക ബീച്ച് രൂപം കൊള്ളും. അമ്പലപ്പുഴ മണ്ഡലത്തിൽ കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള 760 ഓളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top