18 September Thursday
മയക്കുമരുന്ന് വിൽപ്പന

ടോറസ് ലോറി തടഞ്ഞ്‌ പ്രതിയെ പിടിച്ച്‌ 
ഹരിപ്പാട് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
ഹരിപ്പാട് 
മയക്കുമരുന്ന് വിൽപ്പനയടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെ ടോറസ് ലോറിയിൽനിന്ന്‌ പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം തട്ടാരപ്പള്ളി തെക്കതിൽ ജിനാദി (29)നെയാണ് ഹരിപ്പാട് ഗവ. ആശുപത്രിക്കു സമീപം ദേശീയപാതയിൽ ഹരിപ്പാട്‌ പൊലീസ്‌ ജീപ്പ് കുറുകെയിട്ട്‌ ടോറസ്‌ തടഞ്ഞ്‌ പിടികൂടിയത്‌. 
വ്യാഴം വൈകിട്ട്‌ 4.40നാണ്‌ സംഭവം. ഒമ്പതുമാസം മുമ്പ്‌ ഏതാനും യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിൽ യുവാക്കൾക്ക്‌ മയക്കുമരുന്ന് നൽകിയത്  ജിനാദ് ആണെന്ന്‌ വിവരം ലഭിച്ചു. കരുനാഗപ്പള്ളി കേന്ദ്രമാക്കി ഇയാൾക്ക്‌ മണൽകടത്തും മയക്കുമരുന്നു വിൽപ്പനയും നടത്തുന്ന പ്രത്യേകസംഘമുണ്ടെന്ന്‌ മനസിലാക്കിയ ഹരിപ്പാട് പൊലീസ് മൂന്നുദിവസമായി ഇയാളുടെ നീക്കം നിരീക്ഷിക്കുകയായിരുന്നു. 
വ്യാഴം രാവിലെ ജിനാദ് ടോറസ് ലോറിയുമായി കരുനാഗപ്പള്ളിയിൽനിന്ന് എറണാകുളത്തേക്കു പോകുന്നതുകണ്ട ഹരിപ്പാട് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ നിഷാദ്, ജവാദ് എന്നിവർ ബൈക്കിൽ ലോറിയെ പിന്തുടർന്ന്‌ വിവരം ഹരിപ്പാട് പൊലീസിനെ അറിയിച്ചു.
എസ്എച്ച്‌ഒ വി ജെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക്‌ ആശുപത്രിക്കു സമീപം കാത്തുനിന്ന്‌ പൊലീസ് ജീപ്പ് കുറുകെയിട്ട്‌ ലോറി തടഞ്ഞ്‌ ജിനാദിനെയും ഒപ്പമുണ്ടായിരുന്ന ലോറി ക്ലീനറെയും പിടികൂടി. 
പത്തു മിനിറ്റോളം ഗതാഗത തടസമുണ്ടായി. കരുനാഗപ്പള്ളി സ്‌റ്റേഷനിൽ ഏഴും എറണാകുളത്ത്‌ ഒരുകേസിലും ജിനാദ് പ്രതിയാണെന്ന്‌ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top