26 April Friday
ഇന്ധനക്കൊള്ള

തെരുവുകളിൽ 
യുവതയുടെ പ്രതിഷേധാഗ്നി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഇന്ധന വിലവർധനയ്‍ക്കെതിരെ ഡിവെെഎഫ്ഐ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രതിഷേധം

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ തെരുവുകളിൽ പ്രതിഷേധാഗ്നി നിറച്ച്‌ യുവത. പെട്രോളിനു പിന്നാലെ ഡീസലിന്റെയും വില നൂറു കടത്തിയ സാഹചര്യത്തിലാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. വൈകിട്ട്‌ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു.  
രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുമ്പോൾ അമിത നികുതി അടിച്ചേൽപ്പിച്ചാണ്‌ പെട്രോളിനും ഡീസലിനും വിലവർധിപ്പിക്കുന്നത്. ഇത്‌ ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയല്ല,  കോർപറേറ്റുകൾക്കും എണ്ണ കമ്പനികൾക്കും വേണ്ടിയാണ് ഭരിക്കുന്നത്. 
കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. തലസ്ഥാനത്ത്‌ ജിപിഒയ്‌ക്ക്‌ മുന്നിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഏജീസ് ഓഫീസിനുമുന്നിൽ സമാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മോഡിയുടെ കോലംകത്തിച്ചു. മുല്ലയ്‌ക്കൽ ജങ്‌ഷന് സമീപം ചേർന്നയോഗം  ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ ഷാനവാസ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് സെക്രട്ടറി പി കെ ഫൈസൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ശ്രീജിത്ത്‌ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top