20 April Saturday
5 ദിവസം നൽകിയത് 1984 നോട്ടീസ്

ക്യാമറ പണി തുടങ്ങി; 
അപകടങ്ങൾ കുറയുന്നു

ഫെബിൻ ജോഷിUpdated: Sunday Jun 11, 2023
ആലപ്പുഴ
നിർമിതബുദ്ധി ക്യാമറകൾ (എഐ ക്യാമറകൾ) പണി തുടങ്ങിയതോടെ ജില്ലയിൽ വാഹനാപകടങ്ങളിൽ വൻ കുറവുണ്ടായെന്ന് മോട്ടോർ വാഹന വകുപ്പ്‌. ക്യാമറയിൽ പെടുമെന്നോർത്ത് യാത്രക്കാർ ഗതാഗത നിയമം ലംഘിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധ വയ്ക്കുന്നതായും അധികൃതർ പറയുന്നു. നിർമിതബുദ്ധി പ്രവർത്തനം തുടങ്ങിയതോടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നുമുണ്ട്. 
     വാഹനാപകടങ്ങളിൽ 40 ശതമാനത്തോളം കുറവുണ്ടായെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. ക്യാമറ ട്രയൽ റൺ ആരംഭിച്ച ഏപ്രിൽ 20 മുതൽ ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണിത്‌. അപകടങ്ങൾ കുറയുന്നതായി വ്യക്തമായതോടെ എഐ ക്യാമറകൾക്കെതിരെ പ്രതിപക്ഷം നടത്തിയ സമര നാടകവും ദുരാരോപണങ്ങളും അപഹാസ്യമാകുകയാണ്‌. 
   4000നും–-5000നും ഇടയിൽ നിയമലംഘനങ്ങളാണ്‌ ഉദ്യോഗസ്ഥർ നേരിട്ട്‌ നടത്തുന്ന വാഹന പരിശോധനയിൽ ജില്ലയിൽ കണ്ടെത്താറുള്ളത്‌. മേയിൽ 5320 നിയമ ലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങൾക്കായി 1984 നോട്ടീസുകളാണ്‌ പിഴയീടാക്കിത്തുടങ്ങിയ ജൂൺ അഞ്ചുമുതൽ വെള്ളിവരെ അയച്ചത്‌. മുമ്പ് സ്ഥാപിച്ച ക്യാമറകൾ അമിതവേഗമാണ് കണ്ടെത്തിയിരുന്നത്. എഐ ക്യാമറകൾ വന്നതോടെ വിവിധ നിയമലംഘനങ്ങൾ ഒപ്പിയെടുക്കാൻ തുടങ്ങി. 24 മണിക്കൂറും കാവൽ നിൽക്കുന്നതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതും വർധിച്ചു. എന്നാൽ പിഴയീടാക്കിത്തുടങ്ങിയതിനാൽ അപകടത്തോടൊപ്പം നിയമലംഘനങ്ങളും കാര്യമായി കുറയുമെന്ന പ്രതീക്ഷയിലാണ്‌ മോട്ടോർ വാഹനവകുപ്പ്‌.  
  റോഡപകടങ്ങൾ കുറച്ച്‌ സുരക്ഷിതയാത്രയൊരുക്കാൻ ജില്ലയിൽ 41 നിർമിതബുദ്ധി ക്യാമറകളാണ്‌ സ്ഥാപിച്ചത്. അമിതവേഗം, ഇടതുവശം വഴിയുള്ള ഓവർടേക്കിങ്, ഹെൽമറ്റില്ലാതെയും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെയുമുള്ള ഡ്രൈവിങ് എന്നിവ ക്യാമറയിൽ പതിയും. അപകടസാധ്യതാ മേഖലകളെക്കുറിച്ചുള്ള പഠനത്തിന്‌ ശേഷമാണ്‌ ക്യാമറ സ്ഥാപിച്ചത്. ട്രാഫിക്‌ പൊലീസിന്റെ ക്യാമറകളുള്ള പ്രദേശങ്ങൾ ഒഴിവാക്കിയാണ്‌ ഗതാഗതവകുപ്പ്‌ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top