ആലപ്പുഴ
വഴിയോരക്കച്ചവടത്തൊഴിലാളി ഫെഡറേഷൻ 21ന് രാജ്‌ഭവനുമുന്നിൽ സംഘടിപ്പിക്കുന്ന സമരത്തെരുവിന്റെ പ്രചാരണാർഥം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം സുനിൽകുമാർ നയിക്കുന്ന ജില്ലാ പ്രചാരണജാഥയ്ക്ക് ഉജ്വല തുടക്കം.
അരൂർ മാനവീയം വേദിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ജാഥാ ക്യാപ്റ്റൻ എം സുനിൽകുമാറിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ടി എം ഷെറീഫ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ ടി എ നാസർ, മാനേജർ പി കെ ഫൈസൽ, കെ ഡി ശശികുമാർ, പി ഡി രമേശൻ, സി വി ശ്രീജിത്ത്, പി ടി പ്രദീപൻ, കെ വി സന്തോഷ്, സി കെ മനോഹരൻ, സി പ്രസാദ്, എം മോഹനൻ, സി കെ മുകുന്ദൻ, പി സി ബൈജു, സി കെ ശ്രീശുകൻ, ഇ വി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.
ചേർത്തല ടൗൺ, തണ്ണീർമുക്കം ബണ്ടിന് സമീപം, മണ്ണഞ്ചേരി ജങ്‌ഷൻ, ആലപ്പുഴ നഗരചത്വരം എന്നിവിടങ്ങളിൽ ജാഥ സ്വീകരണം ഏറ്റുവാങ്ങി. ആദ്യ ദിവസത്തെ സമാപന കേന്ദ്രമായ ആലപ്പുഴ ബീച്ചിൽ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ സമ്മേളനം ഉദ്‌ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ടി എ നാസർ, പി കെ ഫൈസൽ, പി ഡി സുനീഷ് കുമാർ, സി പ്രസാദ്, എം പി സുഗുണൻ, ടി എം ഷെരിഫ്, എ ജെ കുഞ്ഞുമോൻ, ഷീല ജെയിംസ്, കവിത മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ഞായർ രാവിലെ 9.30ന് വണ്ടാനത്തുനിന്നാരംഭിച്ച് വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കായംകുളം ടൗണിൽ വൈകിട്ട് 6.30ന് സമാപിക്കും. സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യും. വഴിയോരക്കച്ചവട നിയമം സമഗ്രമായി കേന്ദ്രസർക്കാർ നടപ്പാക്കുക, അർഹരായ മുഴുവൻ കച്ചവടക്കാർക്കും തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് ഉടൻ അനുവദിക്കുക, അനാവശ്യ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, ചെറുകിട കച്ചവട മേഖലയിൽനിന്ന് കോർപറേറ്റുകളെ ഒഴിവാക്കുക, കേന്ദ്രസർക്കാരിന്റെ വർഗീയ പ്രീണനനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെഡറേഷൻ സമരത്തെരുവ് സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..