29 March Friday

‘ഇല’യിൽ വിളമ്പും 
പുതുപാഠം

സ്വന്തംലേഖകന്‍Updated: Thursday Dec 8, 2022
 
ആലപ്പുഴ 
കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിലുണ്ടാക്കിയ പ്രയാസങ്ങൾ മറികടക്കാൻ ചേർത്തുപിടിക്കലിന്റെ ‘ഇല’ (എൻഹാൻസിങ്‌ ലേണിങ്‌ ആമ്പിയൻസ്‌) യിൽ അറിവ്‌ വിളമ്പാൻ സമഗ്രശിക്ഷ കേരളം. 
സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ജില്ലയിൽ പദ്ധതിയുടെ ജില്ലാതല അധ്യാപക പരിശീലനം പൂർത്തിയായി. ബിആർസി പരിധിയിൽനിന്ന് അഞ്ച് അധ്യാപകർക്കാണ്‌  പരിശീലനം നൽകിയത്‌. 
അടുത്തഘട്ടത്തിൽ പ്രധാനാധ്യാപകരുടെ യോഗം വിളിച്ച്‌ സ്‌കൂളുകളിൽനിന്ന്‌ പദ്ധതികൾ സ്വീകരിക്കും. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവർ ഓരോ സ്‌കൂളിലെയും പ്രധാനാധ്യാപകൻ, പിടിഎ പ്രസിഡന്റ്, സബ്ജക്‌ട്‌ റിസോഴ്സ് ഗ്രൂപ്പിൽ അംഗമായ ടീച്ചർ എന്നിങ്ങനെ മൂന്നുപേർക്ക് പരിശീലനം നൽകി സ്‌കൂൾ തലത്തിൽ പദ്ധതി നടപ്പാക്കും. 
നാല്‌, ഏഴ്‌ ക്ലാസുകളിലെ കുട്ടികൾക്ക്‌ മലയാളം, ഇംഗ്ലീഷ്‌, കണക്ക്‌, ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളിലൂന്നിയാണ്‌ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. കുട്ടികൾക്ക് ഈ വിഷയങ്ങളിൽ ആസ്വാദ്യകരമായ പഠനം സാധ്യമാക്കും. ഓൺലൈൻ പഠനകാലത്ത് ക്ലാസ്‌ മുറിക്കകത്തെ വായനാനുഭവവും ലൈബ്രറികളുടെ സേവനവും കുട്ടികൾക്ക്‌ നഷ്‌ടമായിരുന്നു. ഭാഷാപ്രയോഗത്തിലും എഴുത്ത്-–-വായനാ രീതികളിലും ഇത്‌ മാറ്റമുണ്ടാക്കി. ശാസ്‌ത്രവിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ പഠനം മെച്ചപ്പെടുത്താനുള്ള അവസരവും കുറഞ്ഞു. ഇത്‌ പരിഹരിക്കുന്നതിന്‌ കുട്ടികളെ സ്‌കൂളുകൾക്ക്‌ പുറത്തെത്തിച്ച്‌ അനുഭാവാത്മക പഠനം ഉറപ്പാക്കും. ഭാഷ വിഷയങ്ങളിൽ വായനാനൈപുണ്യ വികസനവും ഗണിതത്തിൽ പ്രായോഗിക പഠനവും സാധ്യമാക്കും. 
ശാസ്‌ത്ര–-സാമൂഹ്യശാസ്‌ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങൾക്ക്‌ പ്രാധാന്യം നൽകി ശാസ്‌ത്ര അഭിരുചിയും സാമൂഹിക വീക്ഷണവും വളർ‌ത്തും. കുട്ടികളിലുണ്ടാകുന്ന പഠനവിടവ്‌ പരിഹരിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ദേശീയ പഠനനേട്ട സർവേയുടെയും കോവിഡിനു ശേഷം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിൽ രൂപീകരിച്ച പദ്ധതി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ്‌ നടപ്പാക്കുന്നത്‌. 

ബിആർ‌സികൾ നയിക്കും

ബിആർസികളുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിൽ പാക്കേജ് പരിചയപ്പെടുത്തുക. വിദ്യാലയങ്ങൾ അവരുടെ ആവശ്യത്തിനനുസരിച്ച്‌ വിഷയങ്ങൾ തെരഞ്ഞെടുത്ത്‌ പഠന പ്രവർത്തനത്തിൽ ഉൾച്ചേർന്ന്‌ പദ്ധതി നടപ്പാക്കും. കൃത്യമായ ഇടവേളകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം പരിശോധിക്കും. ക്ലസ്‌റ്റർ കോ–-ഓർഡിനേറ്റർമാർ ആവശ്യമായ പിന്തുണ നൽകും. നവംബർ ഒന്നിന്‌ ആരംഭിച്ച്‌ ജനുവരി 20 വരെ നീളുന്ന രീതിയിലാണ് പദ്ധതി. വിദ്യാലയം സ്വീകരിക്കുന്ന മാർഗങ്ങൾ, പ്രവർത്തനങ്ങൾ, ഉപയോഗിച്ച സാമഗ്രികൾ, പിന്തുണാ സംവിധാനം, കുട്ടികളുടെ നേട്ടങ്ങൾ എന്നിവ ശേഖരിച്ച്‌ രേഖയായി സൂക്ഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top