12 July Saturday
ആശുപത്രിയിൽ സംഘർഷം

നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ചു

സ്വന്തം ലേഖകൻUpdated: Thursday Dec 8, 2022

അപർണ

വണ്ടാനം  
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന്‌  കുഞ്ഞ്‌ മരിച്ചതിന്‌ പിന്നാലെ അമ്മയും മരിച്ചു. ഇരുവരും ഒരേ സമയം മരിച്ചതാണെന്നും വിവരം മറച്ചുവച്ചെന്നുമാരോപിച്ച് ബന്ധുക്കൾ  പ്രതിഷേധിച്ചു.  ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്‌റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നുമുള്ള ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്‌ദുൾ സലാം നൽകിയ ഉറപ്പിൽ പ്രതിഷേധക്കാര്‍ പിന്മാറി.
 കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ (22)യും നവജാതശിശുവായെ പെൺകുഞ്ഞുമാണ് മരിച്ചത്. ചൊവ്വ വൈകിട്ട് നാലിനാണ് കുട്ടി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഈ സമയം ഗുരുതരാവസ്ഥയില്‍ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ അപര്‍ണ ബുധൻ പുലര്‍ച്ചെ 4-ന്‌ മരിച്ചെന്ന്‌ ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ ഡോക്‌ടർമാരുടെ പിഴവുമൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നും  ബന്ധുക്കളുടെ പ്രതിഷേധം ഒഴിവാക്കാനാണ് അമ്മ മരിച്ച വിവരം പുറത്തുവിടാതിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അപർണയുടെ ബന്ധുക്കളും നാട്ടുകാരും പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി ആശുപത്രിയിലെ ജെ ബ്ലോക്കിന്റെ കവാടത്തില്‍ തടിച്ചുകൂടി. അമ്പലപ്പുഴ, പുന്നപ്ര സിഐ മാരുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ കുറ്റക്കാരെ പുറത്താക്കണമെന്നും ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടിയുടെയും അമ്മയുടെയും പോസ്‌റ്റുമോര്‍ട്ടം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍ ജയ എത്തി ഇതിന്‌  ഉറപ്പ് നല്‍കിയതിനുശേഷം ബന്ധുക്കള്‍ പിന്‍മാറി. എന്നാൽ ഡോക്‌ടർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന്‌  ബന്ധുക്കൾ പറഞ്ഞു.  ഇതോടെ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം മൃതദേഹങ്ങൾ  ഫ്രീസറിലേക്ക് മാറ്റി.  ഡ്യൂട്ടി ഡോക്ടറെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയതിനെ തുടർന്നാണ് വൈകിട്ട്  ബന്ധുക്കൾ  മൃതദേഹങ്ങൾ ഏറ്റുവാങ്ങി.  
ജോയിന്റ് ഡി എം ഇ ഡോ.അബ്‌ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.  വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അറിയിപ്പിനു പിന്നാലെയാണ് ഫോറൻസിക് വിഭാഗം മേധാവി രഞ്ജു രവീന്ദ്രൻ, കോന്നി മെഡിക്കൽ കോളേജ് ഗെെനക്കാേളജി വിഭാഗം മേധാവി ഡോ. ശ്രീലത, ജോയിന്റ് നോൺ മെഡിക്കൽ ഓഫീസർ എന്നിവരുൾപ്പെട്ട നാലംഗ സംഘം എത്തിയത്.  കുട്ടിയുടെയും അമ്മയുടെയും മരണത്തിന് അമ്പലപ്പുഴ പൊലീസ്‌ കേസെടുത്തു. കലക്ടർ വി ആർ കൃഷ്ണേ തേജയും ആശുപത്രിയിലെത്തി.

അന്വേഷിക്കും: മന്ത്രി

തിരുവനന്തപുരം
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. 
വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക്‌ മന്ത്രി നിർദേശം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top