24 April Wednesday

മാധ്യമങ്ങള്‍ മോദിയെ വെള്ളപൂശുന്നു: പുത്തലത്ത് ദിനേശന്‍

സ്വന്തം ലേഖകൻUpdated: Thursday Dec 8, 2022

ജി ഭുവനേശ്വരൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്‍ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ 
ഉദ്ഘാടനംചെയ്യുന്നു

 
ചാരുംമൂട്
മതത്തെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന മോദിയെ രാജ്യത്തെ കോർപറേറ്റ് മാധ്യമങ്ങൾ വെള്ളപൂശുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. കെഎസ്‌യു-, ഡിഎസ്‌യു ഗുണ്ടാസംഘം കൊലപ്പെടുത്തിയ ജി ഭുവനേശ്വരന്റെ 45-ാം രക്തസാക്ഷി വാർഷികാചരണ യോഗം ചാരുംമൂട് കരിമുളക്കൽ ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മോദിയുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുന്ന മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.  ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർത്ത് വർഗീയത വളർത്തുകയാണവർ. തൊഴിലുറപ്പും റേഷൻ സംവിധാനവും കാർഷിക മേഖലയും തകർത്തു. സമസ്‌ത മേഖലകളിലും അരാജകത്വം സൃഷ്‌ടിച്ച് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കി. 
കോർപറേറ്റുകളെ തടിച്ചു കൊഴുപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചു. കോർപറേറ്റ് സ്ഥാപനങ്ങൾ നികുതി അടക്കേണ്ടെന്ന നിലയാണ്. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ബിജെപിക്കെതിരെ കോൺഗ്രസിന് ഒന്നും ചെയ്യാനാകുന്നില്ല. കെപിസിസി പ്രസിഡന്റ് നെഹ്‌റുവിനെവരെ തള്ളിപ്പറഞ്ഞു. ബാബറി മസ്ജിദ് തകർക്കാൻ ബിജെപിക്ക് ഒത്താശ ചെയ്‌ത കോൺഗ്രസ് മതനിരപേക്ഷത തകർക്കാൻ കൂട്ടുനിൽക്കുന്നു. 
ഗവർണറെ ചട്ടുകമാക്കിയും അർഹമായ വിഹിതം നിഷേധിച്ചും കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top