26 April Friday

ഒപ്പമെത്താൻ കഴിയാത്തവരെ 
കൈവിടരുത്‌: എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ദേശാഭിമാനി ‘ഫോക്കസ് 2022’ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഉയരങ്ങളിലേക്ക്‌ കുതിക്കുമ്പോഴും ഒപ്പമെത്താൻ കഴിയാതെ പോയവരെക്കുറിച്ചുള്ള ചിന്തയാണ്‌ സമൂഹത്തെ നയിക്കേണ്ടതെന്ന്‌ എ എം ആരിഫ്‌ എംപി പറഞ്ഞു. ദേശാഭിമാനി ഫോക്കസ്‌ 2022 ഉദ്‌ഘാടനംചെയ്യുകയായിരുന്നു എംപി. ഉന്നതപദവിയിലെത്തുമ്പോഴും താഴെത്തട്ടിലുള്ളവരെ തുല്യതയോടെ കാണാനാകണം. മറ്റുള്ളവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത്‌ ഏറ്റവും വേഗം നൽകാനാണ്‌ ശ്രമിക്കേണ്ടത്‌. സമൂഹത്തെക്കുറിച്ചുള്ള അറിവാണ്‌ ഏറ്റവും വലിയ തിരിച്ചറിവ്‌. നേടിയ വിദ്യാഭ്യാസത്തിന്റെ മഹിമ നഷ്‌ടപ്പെടുത്തരുത്‌. പണത്തിനുവേണ്ടി തെറ്റായ കാര്യങ്ങൾ ചെയ്യുകയോ ആർക്കും വിലയ്‌ക്കുവാങ്ങാവുന്നവരായി അധ:പതിക്കുകയോചെയ്യരുത്‌. അല്ലെങ്കിൽ അതുവരെ ആർജിച്ച വിദ്യാഭ്യാസത്തിന്‌ അർഥമില്ലാതാകും.
നിഷ്‌പക്ഷപത്രം എന്നൊന്നില്ല. ദേശാഭിമാനിക്ക്‌ ശക്തമായ രാഷ്‌ട്രീയമുണ്ടെങ്കിലും മത താൽപ്പര്യമില്ല. രാഷ്‌ട്രീയ താൽപ്പര്യവും മത താൽപ്പര്യവും ഇവ രണ്ടുമുള്ള പത്രങ്ങളുമുണ്ട്‌. സൂക്ഷ്‌മമായി വായിച്ചാൽ ഇത്‌ മനസിലാക്കാനാകും. ഒന്നിലധികം പത്രങ്ങൾ വായിച്ച്‌ അതിൽനിന്ന്‌ വസ്‌തുതകൾ വേർതിരിച്ചെടുക്കാൻ കഴിയണം.  
കോവിഡ്‌ ഏറെ ദുരിതങ്ങൾ പടർത്തിയതിനൊപ്പം വലിയ മാറ്റങ്ങൾക്കും കാരണമായി. പരമ്പരാഗത വിദ്യഭ്യാസ സമ്പ്രദായങ്ങളാകെ മാറി. അധ്യാപകനെ മുഖാമുഖം കാണാതെ മൊബൈൽ മാത്രമുണ്ടെങ്കിൽ  ലോകത്ത്‌ എവിടെയിരുന്നും പഠനപ്രക്രിയയിൽ ഏർപ്പെടാവുന്ന സ്ഥിതിയായി. ഭാവിയിലേക്കാകണം എല്ലാവരുടെയും ഫോക്കസ്‌. അതാണ്‌ ദേശാഭിമാനി നൽകുന്നതെന്നും എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top